“പഴയത് പുനര്‍നിര്‍മ്മിയ്ക്കുകയല്ല; പുതിയ കേരളം സൃഷ്ടിയ്ക്കാനുള്ള ശ്രമമാണ് നമ്മള്‍ നടത്തുക’; നിലപാട്‌ വ്യക്തമാക്കി മുഖ്യമന്ത്രി

single-img
21 August 2018

സംസ്ഥാനം നേരിട്ട പ്രളയക്കെടുതി നേരിടാന്‍ ബൃഹത്തായ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിനു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് അദ്ദേഹം സംസ്ഥാനത്തിന്‍റെ സമ്പൂര്‍ണ്ണ പുനരുദ്ധാരണം ലക്ഷ്യം വച്ചുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.

“പഴയത് പുനര്‍നിര്‍മ്മിയ്ക്കുകയല്ല. പുതിയ കേരളം സൃഷ്ടിയ്ക്കാനുള്ള ശ്രമമാണ് നമ്മള്‍ നടത്തുക”. സംസ്ഥാനത്തിന് വായ്പ എടുക്കാന്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള പരിധി ഉയര്‍ത്താന്‍ ആവശ്യപ്പെടും. ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനമാണ് ഇപ്പോള്‍ പരിധി. അത് നാലര ശതമാനം ആയി ഉയര്‍ത്തണം.

സംസ്ഥാനത്തിനായി പ്രത്യേക പദ്ധതികള്‍ വേണ്ടിവരും. അതിനു നബാര്‍ഡ് സഹായിക്കണം. പശ്ചാത്തല സൗകര്യം, കൃഷി, സാമൂഹ്യ മേഖല എന്നിവ മെച്ചമാക്കാന്‍ ദീര്‍ഘകാല പദ്ധതിയ്ക്ക് സഹായം തേടും. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെടും. തൊഴിലുറപ്പ് പദ്ധതിയ്ക്ക് പ്രത്യേക പാക്കേജായി 2600 കോടിയുടെ പദ്ധതി ആവശ്യപ്പെടും.

ദുരിതാശ്വാസപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുനരധിവാസം, പുനര്‍ നിര്‍മ്മാണം എന്നിവ ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് 30 നു പ്രത്യേക നിയമസഭാമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അത് സ്വകാര്യ സ്ഥാപനങ്ങളും മാനിക്കണം. കുടിശ്ശിക തേടി ചില സ്ഥാപനങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തുന്നതായി അറിയുന്നു. അത് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.