എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഡോക്ടറുടെ സേവനം;ക്യാമ്പുകളില്‍ അടുക്കള സ്ഥാപിച്ച് ഭക്ഷണം പാചകം ചെയ്യാനും നിര്‍ദേശം

single-img
21 August 2018

തിരുവനന്തപുരം: എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അടുക്കള സ്ഥാപിച്ച് ഭക്ഷണം പാചകം ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓരോ ക്യാമ്പിലും ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കാനും തിങ്കളാഴ്ച വൈകിട്ട് നടന്ന ഉന്നതതല അവലോകനയോഗത്തില്‍ തീരുമാനമായി. ക്യാമ്പില്‍നിന്ന് ആശുപത്രിയില്‍ എത്തിക്കാനുള്ളവരുണ്ടെങ്കില്‍ അതിനുള്ള നടപടിയെടുക്കും.

ക്യാമ്പുകളില്‍ സഹായം എത്തിക്കാന്‍ സന്നദ്ധരായവര്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥ വഴി അത് കൈമാറണം. ക്യാമ്പുകളിലെ ആവശ്യം എന്തെന്ന് മനസിലാക്കി നല്‍കുന്നതാകും ഉചിതം. ചില സംഘടനകള്‍ അവരുടെ അടയാളങ്ങളോടെ ക്യാമ്പുകളില്‍ കയറണം എന്ന് ശഠിക്കുന്നത് ശരിയല്ല. സംഘടനകളുടെ പ്രമാണിത്തം കാണിക്കുന്നതിലല്ല, ക്യാമ്പുകളില്‍ സഹായമെത്തിക്കുന്നതിനാണ് തയാറാകേണ്ടത്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശുചീകരണപ്രവര്‍ത്തനങ്ങള്‍ 11 നഗരസഭകളില്‍ ആരംഭിച്ചിട്ടുണ്ട്. 70 പഞ്ചായത്തുകളില്‍ ഇതിനുള്ള നീക്കം തുടങ്ങി.
ഓരോ പഞ്ചായത്ത് വാര്‍ഡിനും 25,000 രൂപ വീതവും നഗരസഭാ വാര്‍ഡുകള്‍ക്ക് 50,000 രൂപവീതവും ശുചീകരണത്തിന് നല്‍കും.

വൈദ്യുതി തടസ്സമുള്ളത് പരിഹരിക്കാന്‍ നടപടി തുടങ്ങി. 26 ലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയിട്ടുണ്ട്. ഇതില്‍ 25 ലക്ഷവും വീടുകളാണ്. കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ ചാര്‍ജ് ഈടാക്കില്ല എന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
സാങ്കേതിക തടസങ്ങള്‍ ഉന്നയിക്കാതെ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിഥി തൊഴിലാളികള്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ സംവിധാനമൊരുക്കും. അക്കാര്യം തദ്ദേശസ്ഥാപനങ്ങള്‍ ഏകോപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നനഞ്ഞ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ നല്‍കാന്‍ നടപടി വേണമെന്ന ആവശ്യം റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. 50,000 ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാര്‍ കൂടുതലായി അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.