ദുരിതാശ്വാസ ക്യാമ്പിലെ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണപ്പൊതി വലിച്ചെറിഞ്ഞ് കൊടുത്ത് കര്‍ണാടക മന്ത്രി വിവാദത്തില്‍

single-img
21 August 2018

ബംഗളൂരു: ദുരിത ബാധിതരെ അവഹേളിച്ച് കര്‍ണാടക പൊതുമരാമത് വകുപ്പ് മന്ത്രി. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം വീടുകള്‍ നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നേരെയാണ് കര്‍ണാടക പൊതുമരാമത് മന്ത്രി എച്ച് ഡി രെവണ്ണ ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിഞ്ഞ് കൊടുത്തത്. സംസ്ഥാന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരനും പി ഡബ്ലു ഡി മന്ത്രിയുമായ എച്ച് ഡി രെവണ്ണയാണ് ക്യാമ്പിലെ ജനങ്ങള്‍ക്ക് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞു നല്‍കി വിവാദത്തിലായത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യാമ്പിലെത്തിയ മന്ത്രി ദുരിതബാധിതരെ സന്ദര്‍ശിച്ചതിന് ശേഷം അവരുടെ നേര്‍ക്ക് ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ എറിഞ്ഞ് നല്‍കുന്ന ദൃശ്യങ്ങളാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ക്യാമ്പില്‍ കഴിയുന്നവര്‍ അതികഠിനമായ ജല-ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ അവഹേളനം.

 

https://www.facebook.com/teluguvlogs/videos/2146873685342839/

കടുത്ത വിശപ്പിനെ തുടര്‍ന്ന് ചിലര്‍ ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ വാങ്ങിയെങ്കിലും മറ്റ് ചിലര്‍ മന്ത്രിയുടെ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ച് അവ വാങ്ങാന്‍ കൂട്ടാക്കിയില്ല. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ മൃഗങ്ങളല്ല, മനുഷ്യരാണെന്ന് ഓര്‍ക്കണമെന്നും രെവണ്ണയുടെ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനമുയര്‍ന്നു.

അതേസമയം തന്റെ അച്ഛന്‍ ചെയ്ത തെറ്റിന് ക്ഷമാപണവുമായി രെവണ്ണയുടെ മകന്‍ പ്രജ്വല്‍ രെവണ്ണ രംഗത്ത് വന്നു. അച്ഛന്‍ തിരക്കിലായിരുന്നുവെന്നും അതിനാലാണ് അത്തരത്തില്‍ പെരുമാറിയതെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.