‘പട്ടാള യൂണിഫോമില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചയാള്‍ ആള്‍മാറാട്ടക്കാരന്‍’; വൈറല്‍ വീഡിയോയിലെ പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു

single-img
20 August 2018

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ദുരിതാശ്വാസപ്രവർത്തനങ്ങളെയും അവഹേളിക്കുന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട പട്ടാളവേഷധാരിയെ പോലീസ് തിരയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. സൈനികവേഷധാരി പട്ടാളക്കാരനല്ലെന്ന് കരസേനാ വക്താവി(എ.ഡി.ജി.പി.ഐ.)ന്റെ ട്വിറ്റർ സന്ദേശവുമുണ്ട്.

സൈബർ പോലീസാണ് അന്വേഷിക്കുന്നത്. പ്രാഥമികാന്വേഷണത്തിൽ ഇയാൾ സൈനികനല്ലെന്നു സംശയിക്കുന്നു. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഞായറാഴ്ച രാവിലെയാണ് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വാട്‌സ് ആപ് ഗ്രൂപ്പുകളിലേക്ക്‌ മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുള്ള സന്ദേശമെത്തിയത്.

രക്ഷാദൗത്യത്തിനു സൈന്യത്തെ വിളിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. സൈന്യമെത്തിയാൽ ഭരണം പിടിച്ചെടുക്കുമെന്ന ഭയമാണോ സൈനികരെ വിളിക്കാത്തതിനു പിന്നിലെ ഉദ്ദേശ്യമെന്ന് റെക്കോഡുചെയ്ത വീഡിയോ സന്ദേശത്തിൽ ഇയാൾ ചോദിക്കുന്നുണ്ട്. ഈ സര്‍ക്കാരില്‍ വിവരമുള്ള ആരെങ്കിലുണ്ടോ എന്നും ചോദിക്കുന്നുണ്ട്‌.

ദുരന്തമുണ്ടായതിനു പിന്നാലെ സാമ്പത്തികസഹായമഭ്യർത്ഥിച്ച് തമിഴിൽ വന്ന സന്ദേശത്തിലെ ബാങ്ക് അക്കൗണ്ട് നമ്പർ സ്വകാര്യവ്യക്തിയുടേതാണെന്നും സൈബർ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. സ്വന്തം അക്കൗണ്ട് നമ്പർ ഉൾപ്പെടുത്തി ദുരിതാശ്വാസത്തിന്റെ മറവിൽ ധനസമാഹരണം നടത്തുന്നതിന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവർക്കെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.