രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന ബോട്ടുടമകളെ അറസ്റ്റ് ചെയ്യിപ്പിച്ച് മന്ത്രി ജി സുധാകരന്‍

single-img
19 August 2018

രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം അറസ്റ്റ്‌ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെ ഇതിനകം അറസ്റ്റുചെയ്തു.

തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ബോട്ട് ഡ്രൈവര്‍മാരില്‍ പലരും അനധികൃതമായി ലൈസന്‍സ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാന്‍ പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്‌പെന്റു ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു. ബോട്ടുകളുടെ ഗതാഗതവുമായി ബന്ധപ്പെട്ട് ജില്ലയിലെ അധികാരിയായ പോര്‍ട്ട് സര്‍വയര്‍ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്ന് മന്ത്രി വിലയിരുത്തി. പോര്‍ട്ട് ഓഫീസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി.