വെള്ളമൊഴിഞ്ഞ വീടുകളില്‍ ഭീഷണിയായി പാമ്പുകള്‍: പാമ്പ് കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

single-img
19 August 2018

വെള്ളം ഇറങ്ങിയാല്‍ ഉടന്‍ തന്നെ വീട്ടില്‍ ചെല്ലാനുള്ള തയ്യാറെടുപ്പിലാണ് മിക്ക ജനങ്ങളും. എന്നാല്‍ ഇഴജന്തുക്കള്‍ വീടുകളിലും മറ്റും ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ പാമ്പുകടിയേല്‍ക്കാതിരിക്കാന്‍ സൂക്ഷിക്കണം. പാമ്പു കടിയേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

* വെള്ളമൊഴിഞ്ഞുപോയ വീടുകള്‍ വൃത്തിയാക്കുമ്പോള്‍ കരുതലെടുക്കണം. വെള്ളക്കെട്ടുകളിലും വെള്ളം കയറിയ കെട്ടിടങ്ങള്‍ക്കുള്ളിലും പാമ്പുകള്‍ ധാരാളമുണ്ടാവും.

* എല്ലാ പാമ്പുകളും വിഷമുള്ളവയല്ല. വിഷമുള്ള പാമ്പുകള്‍ക്ക് ത്രികോണാകൃതിയിലുള്ള തലയാണ്.

* പാമ്പുകടിയേറ്റാല്‍ ആ വ്യക്തിയെ സമാധാനിപ്പിക്കണം. ഭയപ്പെടുത്തരുത്. ഭയപ്പെട്ടാല്‍ വിഷം ശരീരത്തില്‍ എളുപ്പം വ്യാപിക്കും.

* പാമ്പുകടിയേറ്റ വ്യക്തിയെ നടക്കാനോ ഓടാനോ അനുവദിക്കരുത്.

* കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ കിടത്തുക.

* മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം.

* അണുവിമുക്തമാക്കിയ ബാന്‍ഡേജോ തുണിയോ ഉപയോഗിച്ച് മുറിവ് കെട്ടണം. മുറുക്കിക്കെട്ടരുത്. ഒരു വിരല്‍ ഇറങ്ങാവുന്ന അയവില്‍ മാത്രം തുണി കെട്ടുക.

* മുറിവുള്ള ഭാഗം കത്തിയോ മറ്റോ ഉപയോഗിച്ച് വലുതാക്കരുത്.

* മുറിവിലെ വിഷം വായ ഉപയോഗിച്ച് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

* പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കുക.

* വിഷചികിത്സയുള്ള ആശുപത്രികള്‍ക്ക് മുന്‍ഗണന നല്‍കുക.

* കഴിയുമെങ്കില്‍ ഏതിനം പമ്പാണ് കടിച്ചതെന്ന് തിരിച്ചറിയിക്കാന്‍ ശ്രമിക്കുക.

* പാമ്പിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക. ഇതുകണ്ടാല്‍ അനുയോജ്യമായ ചികിത്സ നല്‍കാനാവും.

* ഇതു സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വ്യാജസന്ദേശങ്ങളെ അവഗണിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. വേണുഗോപാലന്‍ പി.പി.

ഹെഡ്, എമര്‍ജന്‍സി മെഡിസിന്‍

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍