”ഞങ്ങള്‍ ആണുങ്ങള്‍ അവസാനം മരിക്കാന്‍ തന്നെ തീരുമാനിച്ചു”; കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ദുരന്തമുഖം ഓര്‍ക്കുന്നു

single-img
19 August 2018

ഒരു പാക്കറ്റ് ബിസ്‌ക്കറ്റിനും വെള്ളത്തിനുമായി ഓരോ ഹെലികോപ്റ്റര്‍ വരുമ്പോഴും ഞങ്ങള്‍ യാചിക്കും. മരിക്കുന്നതിന് മുമ്പ് ഒരു തുള്ളി വെള്ളം കുടിക്കണമെന്നുണ്ടായിരുന്നു. ആര്‍എല്‍വി രാമകൃഷ്ണന്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

പ്രളയം തൂത്തെറിഞ്ഞ ചാലക്കുടിയിലെ ചേന്നത്ത് നാട്ടിലായിരുന്നു രാമകൃഷ്ണനും കൂട്ടരും. വെള്ളപ്പൊക്കം വരുന്നതിന് മുമ്പ്
രക്ഷാപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും ഇവിടെ നിന്ന് ഒഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്രയും വെള്ളം ഉയരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.

”ചാലക്കുടി പുഴ അതിഭയങ്കര തള്ളിച്ചയോടെയാണ് ഒഴുകി വന്നത്. ശക്തമായ പ്രവാഹമായിരുന്നു. കലാഗ്രഹത്തില്‍ ഞങ്ങള്‍ 17 പേര്‍ ഉണ്ടായിരുന്നു. അതുപോലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ അക്കാദമിയില്‍ 170 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. പേടിച്ചിട്ട് കണ്ണടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

കുടിക്കാന്‍ വെള്ളമോ ഭക്ഷണമോ ഇല്ല. കുട്ടികള്‍ക്ക് പലവിധ അസുഖങ്ങളും. പലരും തലചുറ്റി വീഴുന്നു. അവരെ പരിചരിക്കാന്‍ ആകുന്നില്ല. ഓരോ ഹെലികോപ്റ്റര്‍ വരുമ്പോഴും ചുവന്ന തുണി വരെ വീശിക്കാണിച്ചു. രണ്ട് പകലും ഒരു രാത്രിയുമാണ് ഞങ്ങള്‍ അവിടെ കുടുങ്ങിയത്.

ഒടുവില്‍ ഞങ്ങള്‍ ആണുങ്ങള്‍ മരിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ സ്ത്രീകളേയും കുട്ടികളേയും ഓര്‍ത്തപ്പോള്‍ കഴിഞ്ഞില്ല. അവര്‍ക്ക് ഒരു തുള്ളി വെള്ളമെങ്കിലും കൊടുക്കണമെന്നുണ്ടായിരുന്നു. ഒടുവില്‍ കയ്പമംഗലത്ത് നിന്ന് മീന്‍പിടുത്തക്കാര്‍ വന്നാണ് ഞങ്ങളെ രക്ഷിച്ചത്.

ഇവിടെ ഈ ക്യാമ്പില്‍ ഒറ്റയ്ക്കിരിക്കാന്‍ പേടിയാണ്.” രാമകൃഷ്ണന്‍ പറഞ്ഞുനിര്‍ത്തി. പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാമകൃഷ്ണനും നാട്ടുകാരും ഇപ്പോള്‍.