4 മൃതദേഹങ്ങള്‍ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ്; ഭക്ഷണവും വെള്ളവുമില്ലാതെ 1500 പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു: രക്ഷാപ്രവര്‍ത്തകരെ… നിങ്ങള്‍ പറവൂര്‍ കുത്തിയതോടിലേക്ക് വരൂ…

single-img
19 August 2018

മഹാപ്രളയത്തില്‍ പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ച പറവൂര്‍ കുത്തിയതോടില്‍ ദുരന്തത്തിന് ഇരയായവരുടെ കാഴ്ച ദയനീയം. കെട്ടിടം തകര്‍ന്ന് മരിച്ച ആറുപേരില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമാണ് ആറുദിവസം പിന്നിട്ടിട്ടും ഇവിടെ നിന്ന് നീക്കം ചെയ്തത്.

1500 പേരാണ് ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുന്നത്. രക്ഷയില്ലാതെ വിലപിക്കുന്നവരുടേതും രക്ഷാപ്രവര്‍ത്തകരോട് രോഷാകുലരാവുന്ന നാട്ടുകാരുടെയും കാഴ്ചകളാണ് ഇവിടെ. ‘അവര്‍ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദേഹങ്ങള്‍ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ്, ആ മൃതദേഹങ്ങള്‍ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തില്‍ തന്നെ കിടക്കുകയാണ്.

തെരഞ്ഞെടുപ്പ് സമയത്താണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരുമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയ നേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചില്ല.’ കുത്തിയതോടില്‍ നിന്നുള്ള രോഷാകുലനായ ഒരു യുവാവിന്റെ വാക്കുകളാണിത്.

ചാലക്കുടി പുഴയില്‍ വെള്ളം കയറിയതോടെ ക്യാമ്പായി മാറ്റിയ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണാണ് ആറുപേര്‍ മരിച്ചത്. എന്നാല്‍ മരണ വാര്‍ത്ത പുറത്തു വന്നിട്ടും ഇവിടേക്ക് സഹായത്തിനായി ആരും എത്താത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്.

വെള്ളവും, ഭക്ഷണവും ലഭിച്ചില്ലെന്നും പള്ളിയുടെ കെട്ടിടത്തിന് സമീപത്തൂടെ നാവിക സേനയുടെ ബോട്ട് കടന്നുപോയല്ലാതെ സഹായം ലഭിച്ചില്ലെന്നും യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം.