കോട്ടയം വഴി ട്രെയിനുകള്‍ ഓടിത്തുടങ്ങി; കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ നടത്തും

single-img
19 August 2018

തിരുവനന്തപുരം: കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണു സര്‍വീസിന് ഉപയോഗിക്കുക.. അലയന്‍സ് എയര്‍ ആണ് ബെംഗളൂരുവില്‍നിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

രാവിലെ ആറിനും പത്തിനും ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കും 8.10നും 12.10നും തിരിച്ച് ബെംഗളൂരുവിലേക്കും വിമാനം സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് വിമാനം കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് 5.10ന് പുറപ്പെടുന്ന വിമാനം കോയമ്പത്തൂര്‍ വഴി 7.30ന് ബെംഗളൂരുവിലെത്തും. ഈ വിമാനം 6.30നാണ് കോയമ്പത്തൂരിലെത്തുന്നത്.

അതിനിടെ, കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്‌സ്പ്രസ് ഞായറാഴ്ച രാവിലെ അഞ്ചിനു പുറപ്പെട്ടു. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് രാവിലെ ആറിനും പുറപ്പെട്ടു.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് 11.30നും ഒരു മണിക്കും മൂന്നു മണിക്കും സ്‌പെഷല്‍ ട്രെയിനുകളോടും. എറണാകുളത്തു നിന്നു കോട്ടയം വഴി തിരുവനന്തപുരത്തേക്ക് രാവിലെ 9.30നു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി രണ്ട് മെഡിക്കല്‍ റിലീഫ് പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്‍പതിനും പന്ത്രണ്ടിനും പുറപ്പെടും. ഇതില്‍ യാത്രക്കാര്‍ക്കും സഞ്ചരിക്കാം.

എറണാകുളം ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ കോഴിക്കോട്, കൊല്ലം ചെങ്കോട്ട, തൃശൂര്‍ ഗുരുവായൂര്‍, തൃശൂര്‍ പാലക്കാട് സെക്ഷനുകള്‍ ഗതാഗത യോഗ്യമായിട്ടില്ല. ഷൊര്‍ണൂര്‍ –എറണാകുളം സെക്ഷനിലെ ഗതാഗതം നിര്‍ത്തിവച്ചത് ഞായറാഴ്ച വൈകിട്ടു നാലു മണി വരെ നീട്ടി. അതേ സമയം ഷൊര്‍ണൂര്‍ പാലക്കാട് പാതയും എറണാകുളം കോട്ടയം കായംകുളം പാതയും വേഗനിയന്ത്രണത്തോടെ തുറന്നു. ഷൊര്‍ണൂര്‍ കോഴിക്കോട് പാത രാത്രി വൈകി ഗതാഗത യോഗ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആയിരക്കണക്കിന് ആളുകളാണു പ്രളയബാധിത ജില്ലകളില്‍നിന്നു റെയില്‍വേ സ്റ്റേഷനുകളില്‍ അഭയം തേടിയിരിക്കുന്നത്. എറണാകുളത്തുനിന്നു പുറപ്പെട്ട എല്ലാ ട്രെയിനുകളിലും കാലു കുത്താന്‍ ഇടമില്ലാത്ത തരത്തില്‍ തിരക്കായിരുന്നു. തിരക്കു പരിഗണിച്ച് ഇന്നലെ രാത്രി 8.30നു വീണ്ടും ചെന്നൈയിലേക്കു ട്രെയിന്‍ ഓടിച്ചു.

അതേസമയം, എംസി റോഡ് വഴിയുള്ള ഗതാഗതം ഭാഗികമായി പുരരാരംഭിച്ചു. കെഎസ്ആര്‍ടിസിയും സര്‍വീസുകള്‍ നടത്തുന്നുണ്ട്. എറണാകുളം തൃശ്ശൂര്‍ ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.