ചെങ്ങന്നൂരില്‍ ദുരന്തത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥിനികളെ രക്ഷപ്പെടുത്തുന്നതിനിടെ പ്രദേശവാസികളുടെ ക്രൂരത

single-img
19 August 2018

ദുരന്തത്തില്‍ അകപ്പെട്ട പെണ്‍കുട്ടികളെ മര്‍ദ്ദിച്ച് പ്രദേശവാസികളുടെ ക്രൂരത. ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ വിദ്യര്‍ത്ഥിനികളെയാണ് പ്രദേശവാസികളായ ഒരു പറ്റം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. പ്രദേശവാസികളായ ചില പുരുഷന്‍മാര്‍ പെണ്‍കുട്ടികളെ വസ്ത്രം ഉരിഞ്ഞ് കാണിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.

പ്രളയ ദുരന്തത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ ഒറ്റപ്പെട്ട് പോയ 30 ഓളം പെണ്‍കുട്ടികള്‍ സൈന്യത്തിന്റെ സേവനം തേടിയിരുന്നു. ഹെലികോപ്റ്ററില്‍ സൈന്യം ഇവരെ രക്ഷപ്പെടുത്തുന്നതിനിടെ ഹെലികോപ്റ്റിന്റെ കാറ്റ് കൊണ്ട് പ്രദേശവാസികളുടെ വീട്ടുമുറ്റത്തെ മരങ്ങള്‍ നശിച്ചു എന്ന പേരിലായിരുന്നു മര്‍ദ്ദനം അരങ്ങേറിയത്.

തങ്ങളെ സ്ത്രീകള്‍ മര്‍ദ്ദിച്ചതായും, പ്രദേശവാസികളായ പുരുഷന്‍മാര്‍ ഉടുവസ്ത്രം ഉയര്‍ത്തി കാണിച്ച് അപമാനിച്ചതായും ഹോസ്റ്റലില്‍ അകപ്പെട്ട ജ്യോതി എന്ന പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വിവിരിക്കുന്ന ഓഡിയോ ക്ലിപ്പും പുറത്തായി. പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഒരു നാട് ഒന്നടങ്കം കൈകോര്‍ത്ത് നീങ്ങുന്ന ഘട്ടത്തിലാണ് കേരളത്തിന് തന്നെ തീരാ കളങ്കമായ സംഭവം അരങ്ങേറിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 6.30 നാണ് 11 വിദ്യാര്‍ത്ഥികളെ ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്തത്. കറണ്ട് പോലുമില്ലാത്ത ഹോസ്റ്റലില്‍ ഇനി 15 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നത്. ഇവരെ ഇന്ന് ഹെലികോപ്റ്റര്‍ വഴി എയര്‍ലിഫ്റ്റ് ചെയ്ത് പുറത്തെത്തിക്കും. രക്ഷപെടുത്തിയ വിദ്യാര്‍ത്ഥിനികളെ തിരുവനന്തപുരത്തെത്തിച്ചു