ബീഫ് കഴിക്കുന്ന മലയാളികള്‍ക്ക് സഹായം നല്‍കരുത്; കേരളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം

single-img
19 August 2018

ഒരു ആയുസ്സ് മുഴുവന്‍ സ്വരൂപിച്ചതെല്ലാം ഒരുനിമിഷംകൊണ്ട് നഷ്ടപ്പെട്ടവര്‍ കയ്യിലൊതുങ്ങുന്നതുമാത്രമായാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ മിക്കവര്‍ക്കും ആകെയുള്ളത് വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ കയ്യിലെടുത്തതെന്തോ അത് മാത്രമാണ്.

ഇതറിയാവുന്നതുകൊണ്ടുതന്നെ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യക്തികളും സംഘടനകളും കേരളത്തിന് സാമ്പത്തിക സഹായങ്ങളും അവശ്യവസ്തുക്കളും എത്തിച്ചു നല്‍കി കൈത്താങ്ങാവുന്നുമുണ്ട്. എന്നാല്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കൊടിയ ദുരിതം നേരിടുമ്പോള്‍ ജാതി മതരാഷ്ട്രീയം പറഞ്ഞ് കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നത്.

പശുവിന്റെ ഇറച്ചി കഴിക്കുന്ന മലയാളികള്‍ ചോദിച്ചു വാങ്ങിയ വിപത്താണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് ട്വിറ്റര്‍ പോലുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍. ബീഫ് കഴിക്കുന്നതു വഴി ദൈവത്തിനു നിരക്കാത്ത കാര്യമാണ് കേരളീയര്‍ ചെയ്തതെന്നും അതിനു ലഭിച്ച ശിക്ഷയാണ് മഴക്കെടുതിയെന്നും ഉത്തരേന്ത്യയില്‍ നിന്നുള്ള ചിലര്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളില്‍ പറയുന്നു.

കേരളം ഇതുവരെ ബീഫ് നിരോധിക്കാത്തതിനാലാണ് വിപത്തുകളുണ്ടാകുന്നതെന്നും ചിലര്‍ കുറിക്കുന്നുണ്ട്. ‘കേരളത്തിലെ ഹിന്ദുക്കള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം. ഹിന്ദുവായിരുന്നിട്ട് ബീഫ് കഴിക്കുന്നത് അംഗീകരിക്കാനാവില്ല. പലിശ സഹിതം പ്രകൃതി തിരിച്ചടിക്കും.’ ഒരു സന്ദേശത്തില്‍ പറയുന്നു. പശു ഇറച്ചി കഴിക്കുന്നവരെ സഹായിക്കേണ്ട കാര്യമെന്താണ് എന്നു ചോദിക്കുന്നവരും ഈ വിദ്വേഷ പ്രചാരകരുടെ കൂട്ടത്തിലുണ്ട്.

ബീഫ് നിരോധനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ബീഫ് ഫെസ്റ്റുകള്‍ നടത്തിയ കമ്മ്യൂണിസ്റ്റ്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്ള കേരളത്തോട് അയ്യപ്പനു ദേഷ്യമാണെന്നും അതിന്റെ ഫലമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നാം ആരാധിക്കുന്ന ഗോക്കളെ ഭക്ഷിക്കുന്ന കേരളീയരെ സഹായിക്കണോ എന്ന അഭിപ്രായവോട്ടെടുപ്പു പോലും ട്വിറ്ററില്‍ നടക്കുന്നുണ്ട്.