പ്രളയക്കെടുതിയിലും അത്യാർത്തി മാറാതെ ചില കച്ചവടക്കാര്‍;ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും അമിത വില ഈടാക്കിയാല്‍ നടപടിയെന്ന് പൊലീസ്

single-img
18 August 2018

കൊച്ചി: കേരളം മഹാ പ്രളയത്തിന്റെ പിടിയിലാണ്. അതിനിടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെള്ളവും അവശ്യസാധനങ്ങളും എത്തിക്കുന്ന വോളന്റിയർമാരെ ചൂഷണം ചെയ്ത് കടയുടമകൾ. ക്യാമ്പിലേക്ക് ആവശ്യമായ കുപ്പിവെള്ളം, അരി, പഞ്ചസാര എന്നിവയുടെ വില ഭീമമായി ഉയർത്തുകയാണിവർ. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണെന്ന് പറഞ്ഞിട്ടും പോലും ക്രമാതീതമായി വില വർദ്ധിപ്പിക്കുന്നതല്ലാതെ കുറയ്ക്കാൻ ഇവർ തയ്യാറാകുന്നില്ല.

കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്ബോള്‍ ചില കച്ചവടക്കാര്‍ ചെയ്യുന്നത് മന:സാക്ഷിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണെന്ന് ചെങ്ങന്നൂര്‍
എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞു.നിങ്ങള്‍ ഒന്നും സൗജന്യമായി നല്‍കേണ്ടതില്ലെന്നും, വില കുറയ്ക്കാനും പറയുന്നില്ലെന്നും,പക്ഷേ വില കൂട്ടി ആളുകളെ വലയ്ക്കരുതെന്നും എം.എല്‍.എ പറഞ്ഞു.കഷ്ടപ്പെട്ടും പിരിവെടുത്തും പരമാവധി സ്വരുക്കൂട്ടിയും ആണ് ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ വാങ്ങി ആളുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും, പുര കത്തുമ്പോള്‍ തന്നെ വാഴ വെട്ടാന്‍ നില്‍ക്കരുതെന്നും അദ്ദേഹം അപേക്ഷിച്ചു

സംസ്ഥാനത്ത് സര്‍വവും നഷ്ടപ്പെട്ട് നില്‍ക്കുന്ന ജനങ്ങള്‍ക്ക് സഹായവും കരുണയും ചൊരിയേണ്ട സമയത്ത് ചൂഷകരായ ചിലര്‍ക്ക് മുന്നറിയുപ്പുമായി കേരളാ പൊലീസും രംഗത്ത് വന്നു. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയാവും സ്വീകരിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.