ആവര്‍ത്തന വാര്‍ത്തകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു;സഹായം ലഭിച്ചു കഴിഞ്ഞവര്‍ അക്കാര്യം സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്ക് വയ്ക്കുക

single-img
18 August 2018

തിരുവനന്തപുരം : സഹായം ലഭിച്ചുകഴിഞ്ഞാല്‍ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാം. ആവര്‍ത്തന വാര്‍ത്തകള്‍ രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണിത്. സഹായാഭ്യര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ (തീയതി, സമയം, കുടുങ്ങിപ്പോയ ലൊക്കേഷന്‍, ആളുകളുടെ എണ്ണം, മൊബൈല്‍ നമ്പര്‍ എന്നിവ) മാത്രം പറയുക. ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഭീതി പടര്‍ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. മുന്നറിയിപ്പ് ലഭിക്കുന്ന ഉടന്‍ തന്നെ തങ്ങുന്ന സ്ഥലം ഉപേക്ഷിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറുക. ജീവനാണ് പ്രധാനം.

സുരക്ഷാപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക. donation.cmdrf.kerala.gov.in എന്ന ലിങ്ക് മുഖേന രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി സഹായം കൈമാറാം. പുനരധിവാസ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകുക.

ക്യാമ്പുകളിലേക്ക് ഭക്ഷണം, വസ്ത്രങ്ങള്‍, പുതപ്പുകള്‍, സാനിറ്ററി പാഡുകള്‍, കുട്ടികള്‍ക്കുള്ള ഡയപ്പര്‍, കുട്ടികള്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം, മെഴുകുതിരികള്‍, തീപ്പെട്ടി തുടങ്ങിയവ സംഭാവന ചെയ്യുക. വെള്ളം കയറിത്തുടങ്ങുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.