ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള മുഴുവൻ ബസുകളും റദ്ദാക്കി; ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല

single-img
17 August 2018

ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കർണാടക ആർ.ടി.സി.യുടെ മൂന്നു ബസുകൾ പാലക്കാട്ടേക്ക് സർവീസ് നടത്തിയതൊഴിച്ചാൽ തെക്കൽ ജില്ലകളിലേക്കും വടക്കൻജില്ലകളിലേക്കുമുള്ള ബസ് സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആർ.ടി.സി. മുഴുവൻ സർവീസുകളും നിർത്തിവച്ചു. സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല.

അതേസമയം വെള്ളപ്പൊക്കം കാരണം ഇന്ന് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തീവണ്ടികള്‍ ഓടില്ല. തിരുവനന്തപുരം -എറണാകുളം റൂട്ടില്‍( കോട്ടയം വഴി) നാല് മണിവരെ തീവണ്ടികള്‍ ഓടില്ല. എറണാകുളം-ഷൊര്‍ണൂര്‍- പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല. പാലക്കാട്- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടിൽ നാല് മണിവരെ തീവണ്ടി സര്‍വീസ് ഉണ്ടാവില്ല. തിരുവനന്തപുരം-എറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരം-തിരുനെല്‍വേലി( നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് തീവണ്ടികള്‍ ഓടും.

മിക്കയിടത്തും പാളത്തില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ റെയില്‍വേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങള്‍ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയില്‍വേ അറിയിച്ചു. ഞായറാഴ്ചവരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിജാഗ്രത വേണ്ടതിനാല്‍ എട്ടുജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ടും മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എന്നാല്‍ 19, 20 തീയതികളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.