തൃശൂര്‍ ജില്ലയില്‍ ഇന്ധന വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി; സംസ്ഥാനത്ത് ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാന്‍ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികള്‍

single-img
17 August 2018

പാലക്കാട് തൃശൂര്‍ ദേശീയപാതയില്‍ രണ്ടു ദിവസമായി ഗതാഗതം തടസപ്പെട്ടതോടെ തൃശൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇതേതുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പോലും ഇന്ധനക്ഷാമം അനുഭവപ്പെടുന്നുണ്ട്.

ഇതോടെ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിടാതിരിക്കാനാണ് നടപടി. അതേസമയം തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമമുണ്ടാകുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് എ.ഡി.എം വി. ആര്‍. വിനോദ് അറിയിച്ചു.

മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്നും ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊച്ചി ഇരുമ്പനം പ്ലാന്റില്‍ നിന്നും സാധാരണ നിലയിലുള്ള ഇന്ധന വിതരണം ഇപ്പോഴും നടക്കുന്നതിനാല്‍ ഇന്ധന ക്ഷാമത്തിന് വരും ദിവസങ്ങളിലും യാതൊരു സാധ്യതയുമില്ലെന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തിരുവനന്തപുരം ഡിവിഷണല്‍ ഓഫീസറും പറഞ്ഞു.

അതേസമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നും കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു.

നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്. കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.