വെള്ളം കയറിയ വീടുകളും കിണറുകളും സാധാരണത്തേതുപോലെ ശുദ്ധീകരിച്ചാല്‍ പോരാ…; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

single-img
17 August 2018

സംസ്ഥാനം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയക്കെടുതി നേരിടുകയാണ്. ഇതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും വീടുകളും കിണറുകളും പ്രളയക്കെടുതിയില്‍ മുങ്ങി. വെള്ളം ഇറങ്ങി തുടങ്ങുന്നതോടെ വീടുകളും കിണറുകളും ശുദ്ധീകരിക്കുന്നത് ശ്രമകരമായ ജോലിയാണ്. വീടുകളും കിണറുകളും ശുദ്ധീകരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി

1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൗഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്.

2. കിണറിലെ വെള്ളത്തിന്റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില്‍ കണക്കാക്കുക (H). വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍

3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1,000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ആണ് ആവശ്യം. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും. അതിനാല്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1,000 ലിറ്ററിന് അഞ്ച് ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ ) ബ്ലീച്ചിംഗ് പൗഡറാണ് ആവശ്യം.

4. വെള്ളത്തിന്റെ അളവിന് അനുസരിച്ച് ബ്ലീച്ചിംഗ് പൗഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. പിന്നീട് ഈ ക്ലോറിന്‍ ബക്കറ്റില്‍ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ഇതിനുശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വയ്ക്കുക.

5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.

6. ഒരു മണിക്കൂറിനുശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി

1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണുവിമുക്തം ആക്കാന്‍ സാധികില്ല.

2. 1% ക്ലോറിന്‍ ലായനി തയാറാകുന്ന വിധം: ആറ് ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു ഒരു ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് ആറ് ടീസ്പൂണ്‍ എന്ന കണക്കിന് ലായനി തയാറാക്കാം.

3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാനോ പാടില്ല.

4. അര മണിക്കൂറിനു ശേഷം സുഗന്ധമുള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ ഗന്ധം മാറ്റാം.

കടപ്പാട്: ഡോ. വി. ജിതേഷ്

സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി