ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നവര്‍ ശ്രദ്ധിക്കുക

single-img
17 August 2018

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല. എന്നാല്‍ 13 ജില്ലകളിലും റെഡ് അലര്‍ട് തുടരും. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നവര്‍ ശ്രദ്ധിക്കുക. പെട്ടന്ന് കേടാവാത്തതും പാകം ചെയ്യേണ്ടാത്തതുമായ ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ കഴിവതും ശ്രമിക്കുക. മിക്ക ക്യാമ്പുകളിലും ആഹാരം പാകം ചെയ്യാന്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.

അവല്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, പഴം, ബ്രഡ്, ജാം, കുടിവെള്ളം തുടങ്ങിയ വസ്തുകളും തീപ്പട്ടി, മെഴുകുതിരി, പുതപ്പ്, പായ, ബെഡ്ഷീറ്റ്, തോര്‍ത്ത് തുടങ്ങിയ സാധനങ്ങളും എത്തിക്കാന്‍ ശ്രമിക്കുക.

അതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും റെസ്‌ക്യൂ വാട്‌സ്ആപ്പ് നമ്പരുകളിലേക്കും സഹായം അഭ്യര്‍ഥിക്കുന്നവര്‍ സ്ഥലവും തീയതിയും സമയവും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആവര്‍ത്തനം ഒഴിവാക്കുന്നതിനുവേണ്ടിയാണ്. കൃത്യമായ സ്ഥലവും ലാന്‍ഡ്മാര്‍ക്കുകളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജില്ലയും, കുടുങ്ങികിടക്കുന്നവരുടെ കൃത്യമായ എണ്ണവും, അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും ഉണ്ടെങ്കില്‍ അതും ഉള്‍പ്പെടുത്തണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ അത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.