ബിജെപി ഓഫീസിനു സമീപം സ്വാമി അഗ്‌നിവേശിനു നേരെ വീണ്ടും ആക്രമണം

single-img
17 August 2018

സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനു നേരെ വീണ്ടും ആക്രമണം. ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി.ജെ.പി ആസ്ഥാന ഓഫീസിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.

സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. വാഹനത്തില്‍നിന്നും ഇറങ്ങി നടന്നുപോകുമ്പോള്‍ ഒരു സംഘം ആളുകള്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നെന്ന് സ്വാമി അഗ്‌നിവേശ് പറഞ്ഞു. മര്‍ദിക്കുകയും തള്ളുകയും ചെയ്തു. ചിലര്‍ തന്റെ വസ്ത്രം വലിച്ചഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹി, വിശ്വാസവഞ്ചകന്‍ ഇവനെ ആക്രമിക്കു എന്നു ആക്രോശിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്റെ വീഡിയോയില്‍ ഒരു സ്ത്രീ സ്വാമിയെ ചെരിപ്പൂരി അടിക്കാന്‍ ശ്രമിക്കുന്നത് കാണാം. 79 കാരനായ സ്വാമിക്കെതിരെ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ, ഝാര്‍ഖണ്ഡില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകരുള്‍പ്പെട്ട ആള്‍ക്കൂട്ടം അഗ്‌നിവേശിനെ ആക്രമിച്ചിരുന്നു.