വെള്ളപ്പൊക്കത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് തന്റെ വീട്ടിലേക്ക് വരാമെന്ന് ടൊവിനോ തോമസ്

single-img
16 August 2018

പ്രളയക്കെടുതിയെ നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്തു കൊണ്ട് രാപ്പകല്‍ ഭേദമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെ രക്ഷാപ്രവര്‍ത്തനത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ഇവിടങ്ങളിലേക്ക് മാത്രമായി 25 ബോട്ടുകള്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്നത്.

നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയില്‍ നിന്നെത്തിച്ച മത്സ്യതൊഴിലാളി ബോട്ടുകളും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളില്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തും. ഇവര്‍ക്കൊപ്പം എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് സേനകളുമുണ്ട്. ആരും പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇതിനിടെ സഹായഹസ്തവുമായി നടന്‍ ടൊവിനോ തോമസും രംഗത്തെത്തി. തന്‍റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചത്. കറന്‍റ് ഇല്ലെന്ന പ്രശ്നം മാത്രമേയുള്ളുവെന്നും ടൊവിനോ കുറിച്ചു.