ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചു

single-img
16 August 2018

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ സിനിമകളാണ് ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴക്കെടുതിയിലും പ്രളയത്തിലും കേരളം ദുരിതത്തിലായതിനെത്തുടര്‍ന്ന് ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റിവെക്കുകയാണ്. ബിജു മേനോന്റെ പടയോട്ടം, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്.

പിന്നാലെ രഞ്ജിത് – മോഹന്‍ലാല്‍ ചിത്രം ഡ്രാമയുടെ ട്രെയിലര്‍ റിലീസും മാറ്റി ചിത്രം ഓണത്തിനില്ലെന്നും സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. ‘കേരളത്തിന്റെ അവസ്ഥ ആദ്യം ശരിയാകട്ടെ. എന്നിട്ടേ ഡ്രാമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്യൂ. റിലീസ് ഡേറ്റും പിന്നീടു മാത്രമേ പ്രഖ്യാപിക്കൂ.’ രഞ്ജിത് കുറിച്ചു.

ഓണത്തിന് റിലീസ് തീരുമാനിച്ച മറ്റൊരു ചിത്രമാണ് വരത്തന്‍. ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഐശ്വര്യ ലക്ഷ്മിയാണ് ഫഹദിന്റെ നായിക. നടി നസ്രിയ നസിം നിര്‍മാണ പങ്കാളിയായിരിക്കുന്ന ചിത്രം ഓണത്തിന് മുന്നോടിയായിട്ടാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഓഗസ്റ്റ് 22 ആണ് റിലീസ് തീയ്യതി. ഇതില്‍ മാറ്റമുണ്ടോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. മഴ തുടരുകയാണെങ്കില്‍ റിലീസ് മാറ്റേണ്ടി വരുമെന്നാണ് സൂചന.

ഓഗസ്റ്റ് 24ന് റിലീസ് തീരുമാനിച്ചിരിക്കുന്ന മമ്മൂട്ടിച്ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കുട്ടനാടന്‍ ബ്ലോഗിന്റെ റിലീസിലും മാറ്റമുണ്ടോ എന്ന കാര്യത്തെ കുറിച്ചും കൂടുതല്‍ വിവരമില്ല.