ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ അയക്കരുത്; പൊലീസ് നിയമ നടപടി സ്വീകരിക്കും

single-img
16 August 2018

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേരള പൊലീസ് നിയമ നടപടി സ്വീകരിക്കും. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള വോയ്സ് മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന സാഹചര്യത്തിൽ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കാൻ ഇടുക്കി ജില്ലാ കളക്ടര്‍ നിർദേശം നൽകിയിരുന്നു. മുല്ലപ്പെരിയാർ ഡാം തകർന്നതായി വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിക്കാനായിരുന്നു സൈബർ പോലീസിന് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയത്.

ദുരിതത്തിനിടയിലും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി എം.എം മണിയും അറിയിച്ചു. മുല്ലപ്പെരിയാർ എന്നല്ല കേരളത്തിലെ ഒരു അണക്കെട്ടിനും ഒരപകടവും സംഭവിച്ചിട്ടില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ അണക്കെട്ടുകൾ പ്രവർത്തിക്കുന്നതെന്ന് മണി പറഞ്ഞു. ദുരന്തമുഖത്തിൽ നിന്ന് കരകയറിയതിന് ശേഷം ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.