ഇനിയും വെള്ളം കയറും; മുന്നറിയിപ്പ് അവഗണിക്കരുത്; സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

single-img
16 August 2018

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായിട്ടില്ല. മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനിയും വെള്ളം കയറും. ആലുവയില്‍ ഒരു മീറ്റര്‍ കൂടി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. ആലുവയില്‍ വെള്ളം കയറിയതിന്‍റെ അര കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ കൂടി മാറണം. ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വീണ്ടും ഫോണില്‍ വിളിച്ച് സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു.

രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു.