എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറി; യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം; ട്രെയിന്‍ ഗതാഗതവും സ്തംഭിക്കുന്നു

single-img
16 August 2018

കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. എറണാകുളം റോഡ്‌സ് ഡിവിഷനിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. അപകട സാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ റോഡുകളില്‍ യാത്ര ഒഴിവാക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അങ്കമാലി റോഡ്‌സ് സെക്ഷന്‍, കളമശേരി റോഡ് സെക്ഷന്‍, നോര്‍ത്ത് പറവൂര്‍ സബ് ഡിവിഷന്‍സ്,
ആലുവ റോഡ്‌സ് സെക്ഷനിലെ റോഡുകള്‍ ഇതിലൂടെ യാത്ര ഒഴിവാക്കണം എന്നാണ്‌ നിര്‍ദ്ദേശം.

അതേസമയം കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍ പുന:സ്ഥാപിക്കും എന്ന കാര്യത്തില്‍ റെയില്‍വേയും കൃത്യമായ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. ട്രിവാന്‍ട്രം-മംഗളൂരു മാംഗളൂര്‍ എക്‌സ്പ്രസ് ചാലക്കുടിയില്‍ നിര്‍ത്തയിട്ടിരിക്കയാണ്. ഏറനാട് എക്‌സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കയാണ്. ഈ ട്രെയിനുകള്‍ എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയില്‍ കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. കൊച്ചി മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.