തിരുവനന്തപുരത്തും കനത്ത മഴയിൽ വ്യാപക നാശം; വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ​വിഎം സുധീരനെ ബോട്ടിൽ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

single-img
15 August 2018

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിനിടെ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ വ്യോമ,നാവിക,കര സേനകളുടെ സഹായം തേടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.

അതേസമയം കനത്ത മഴയിൽ തിരുവനന്തപുരത്തും വ്യാപക നാശം. ജില്ലയിൽ ജനജീവിതം സ്തംഭിച്ചു. പുഴകൾ കരകവിഞ്ഞൊഴുകിയതോടെ നഗരത്തിലെയും ഗ്രാമങ്ങളിലെയും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. നിറഞ്ഞുകവിഞ്ഞൊഴുകുകയാണ് വാമനപുരം നദിയും കരമനയാറും കിള്ളിയാറും. തീരത്തെ വീടുകളിലേക്ക് അർധരാത്രി മുതൽ വെള്ളം ഇരച്ചെത്തി. കരമന, ജഗതി, ഗൗരീശപട്ടം, നെയ്യാറ്റിന്‍കര തുടങ്ങി വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു.

മണ്ണന്തലയിലും ആര്യനാടും നിരവധി വീടുകൾ തകർന്നു. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വെള്ളത്തിനടിയിലായി. മരുന്നുകൾ മുകൾ നിലയിലേക്ക് മാറ്റി. ജില്ലയിൽ 21 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങി. മലയോര മേഖലകളിൽ വ്യാപകമായി കൃഷി നശിച്ചു. മരം വീണ് വൈദ്യുതി സംവിധാനം നിലച്ചതോടെ ഇന്നലെ മുതൽ പല പ്രദേശങ്ങളും ഇരുട്ടിലാണ്.

കെപിസിസി മുൻ പ്രസിന്റ് വി. എം സുധീരനെ ​ഗൗരീശപട്ടത്തെ വീട്ടിൽ വെളളം കയറിയതിനെത്തുടർന്ന് മാറ്റി. ബോട്ടിലാണ് ഇദ്ദേഹത്തെയും ഭാര്യയും ​ഗവൺമെന്റ് ​ഗസ്റ്റ്ഹൗസിലേക്ക് എത്തിച്ചത്. പനി മൂലം വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം നിലവില്‍ കേരളത്തില്‍ 33 ഡാമുകള്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ വ്യാപകമാകുന്നുണ്ട്. പല ജില്ലകളിലും റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്.

ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്നാണ് യോഗത്തിന്റെ വിലയിരുത്തില്‍.