സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി കനത്ത മഴ തുടരുന്നു; നാടും നഗരവും വെള്ളത്തില്‍; 12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

single-img
15 August 2018

കേരളത്തില്‍ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. 11 ജില്ലകളില്‍ ഓഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ആഗസ്റ്റ് 15 വരെ റെഡ് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നാടും നഗരവും വെള്ളത്തിലാണ്. ഡാമുകളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. നിരവധി സ്ഥലങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകകയാണ്.

കനത്ത മഴയെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുകയാണ്. ഇന്ന് മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേർക്ക് ജീവന്‍ നഷ്ടമായി. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 49 ആയി.

അതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ ഇപ്പോഴും തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. സ്പിൽവേ പുലര്‍ച്ചെ രണ്ടരയ്ക്ക് തുറന്നിട്ടും ജലനിരപ്പ് ഉയരുന്നതാണ് ആശങ്കയ്ക്ക് കാരണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടുത്ത ഒരു മണിക്കുറിനുള്ളില്‍ 142 അടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഉയര്‍ന്ന തോതില്‍ വെള്ളം വിടുമെന്നും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തി. മുല്ലപ്പെരിയാറിന്റെ സമീപ പ്രദേശമായ ചപ്പാത്തിൽ പാലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഹര്‍ത്താലിന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ പൂര്‍ണ്ണസജ്ജമാവണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. അവധിയില്‍ പോയിരിക്കുന്നതും വീടുകളിലേക്ക് മടങ്ങിയിരിക്കുന്നതുമായ മുഴുവന്‍ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസുകളിലേക്ക് എത്രയും വേഗം മടങ്ങിയെത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.