കുട്ടികള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് പുതപ്പിനടിയില്‍ ഒരു പുലിക്കുട്ടി

single-img
15 August 2018

മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലാണ് വിചിത്രമായ സംഭവം. രണ്ട് കുട്ടികള്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് തങ്ങളുടെ പുതപ്പിനടിയില്‍ മൂടിപ്പുതച്ച് സുഖമായി മറ്റൊരാള്‍ കൂടി ഉറങ്ങുന്നു. സാക്ഷാല്‍ ഒരു പുള്ളിപ്പുലിക്കുട്ടി.

നാഷിക്കിലെ ആദിവാസി മേഖലയിലാണ് കുട്ടികള്‍ക്കൊപ്പം മൂന്ന് മാസം പ്രായമുള്ള പുലിക്കുട്ടിയും ഉറങ്ങിയത്. കൊതുകുവലയ്ക്കുള്ളിലാണ് പുലിയും കിടന്നുറങ്ങിയത്. മനീഷാ ബാര്‍ദെ എന്ന സ്ത്രീയുടെ വീട്ടിലാണ് സംഭവം. രാവിലെ അഞ്ച് മണിക്ക് മനീഷ എഴുന്നേറ്റപ്പോള്‍ വാതില്‍ തുറന്നിരുന്നു.

ഇരുട്ടിന്‍റെ മറവില്‍ ഇതിലൂടെയാകാം പുലി അകത്ത് കടന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. തറയില്‍ പായ വിരിച്ച് കൊതുകു വലയ്ക്കുള്ളിലാണ് മനീഷയുടെ മക്കള്‍ കിടന്നുറങ്ങിയിരുന്നത്, രാവിലെ മനീഷയാണ് തന്‍റെ മക്കള്‍ക്കൊപ്പം പുലിക്കുട്ടിയും ഉറങ്ങുന്നത് ആദ്യം കണ്ടത്.

ഉടന്‍ തന്നെ അവര്‍ ശബ്ദമുണ്ടാക്കാതെ മക്കളെ രണ്ടുപേരെയും കൊതുകുവലയില്‍ നിന്ന് പുറത്തെടുത്തു. അപ്പോഴും പുലി സുഖ ഉറക്കമായിരുന്നു. തുടര്‍ന്ന് മനീഷ അലാറം മുഴക്കി ഗ്രാമവാസികളെ വിവരം അറിയിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ വന്ന് പുലിക്കുട്ടെയ സുരക്ഷിതമായി കൊണ്ടുപോകുകയും ചെയ്തു.