സംസ്ഥാനത്തെ 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; സർവകലാശാല പരീക്ഷകൾ മാറ്റി

single-img
15 August 2018

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കോട്ടയം, എറണാകുളം,മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി.

കണ്ണൂർ സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീടറിയിക്കുമെന്ന് പരീക്ഷാകൺട്രോളർ അറിയിച്ചു. കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ നാളെയും മറ്റന്നാളും നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കുസാറ്റ് അടുത്ത മൂന്ന് ദിവസത്തെ പരീക്ഷകള്‍ മാറ്റി. ആരോഗ്യ സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിൽ ഉള്ള അഫിലീയേറ്റഡ് കോളേജുകളിൽ നാളെ നടത്താനിരുന്ന കോളേജ് യുണിയൻ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.