നടന്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി

single-img
14 August 2018

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച് വിവിധ കോടതികളിലായി ദിലീപ് 11 ഹര്‍ജികള്‍ നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.

വിചാരണ വൈകിക്കാൻ ലക്ഷ്യമിട്ടാണു ദിലീപ് ഹര്‍ജികള്‍ നൽകിയതെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉപദ്രവിക്കപ്പെട്ട നടിക്കു നീതി ലഭ്യമാക്കേണ്ടതുണ്ട്. സിബിഐക്കു വിടാൻ തക്ക അസാധാരണ സാഹചര്യങ്ങൾ കേസിന് ഇല്ലെന്നും ഏതു തരത്തിലുള്ള അന്വേഷണം വേണമെന്നു പറയാൻ പ്രതിക്ക് അവകാശമില്ലെന്നും സർക്കാർ വ്യക്തമാക്കി.

നേരത്തെ മജിസ്‌ട്രേട്ട് കോടതിയും സെഷന്‍സ് കോടതിയും ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ രേഖകള്‍ക്ക് പ്രതിക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ദിലീപിന്റെ നീക്കം. എന്നാല്‍ ഈ കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.