വരാപ്പുഴ കേസില്‍ സി.ബി.ഐ അന്വേഷണമില്ല

single-img
13 August 2018

വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയാണ് തള്ളിയത്. കസ്റ്റഡി മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ തള്ളിയ സിംഗിള്‍ ബെഞ്ച്, കേസ് ഡയറി പരിശോധിച്ചില്ലെന്നും അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രണ്ടു വട്ടം സിംഗിള്‍ ബഞ്ച് കേസ് ഡയറി പരിശോധിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിശദമായ പരിശോധനക്ക് ശേഷമാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം പൊലീസുകാര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സി.ബി.ഐ ആരോപിച്ചു.

മരിച്ചയാളുടെ പേരില്‍ അറസ്റ്റ് റെക്കോഡ് ചെയ്യുകയും, റിമാന്‍ഡ് അപ്ലിക്കേഷന്‍ ഉണ്ടാക്കുകയും ചെയ്തുവെന്നും സി.ബി.ഐ പറഞ്ഞു. എന്നാല്‍ ഇത് പറയേണ്ടത് സി.ബി.ഐ അല്ല ഹര്‍ജിക്കാര്‍ ആണെന്ന് കോടതി വ്യക്തമാക്കി.