നടന്‍ വിക്രമിന്റെ മകന്‍ അറസ്റ്റില്‍

single-img
13 August 2018

അതിവേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. ചെന്നൈ ടി.ടി.കെ. റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയുണ്ടായ അപകടത്തില്‍ ധ്രുവിന്റെ കാറിടിച്ച് ഓട്ടോറിക്ഷാഡ്രൈവര്‍ക്ക് പരിക്കേറ്റ സംഭവത്തെത്തുടര്‍ന്നാണ് ധ്രുവിനെയും മറ്റ് രണ്ട് സുഹൃത്തുകളെയും അറസ്റ്റുചെയ്തത്.

പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. അതിവേഗത്തില്‍ വാഹനമോടിച്ചു, പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന വിധം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ധ്രുവ് മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയെന്ന ആരോപണം പോലീസ് നിഷേധിച്ചു.

അതിവേഗത്തില്‍ വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അപകടത്തില്‍ കാറിന്റെ പിന്‍ഭാഗവും മുന്‍ഭാഗവും തകര്‍ന്നു. ഓട്ടോറിക്ഷയുടെ ഒരു വശം പൂര്‍ണമായും നശിച്ചു. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ കാമേഷ് ആശുപത്രിയില്‍ ചികിത്സതേടി. പ്രമുഖ തമിഴ് സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലെ നായകവേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ധ്രുവ്.