കേരളത്തിന് പൂര്‍ണ പിന്തുണയും സാമ്പത്തിക സഹായവും നല്‍കണം: മോദിക്ക് രാഹുലിന്റെ കത്ത്

single-img
11 August 2018

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിലെ പ്രളയക്കെടുതിയുടെ രൂക്ഷത വിവരിച്ചാണ് രാഹുലിന്റെ കത്ത്.

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ കേരളത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തത്തില്‍ ഒട്ടേറെ ആള്‍ക്കാര്‍ മരിച്ചതായും വലിയ സാമ്പത്തിക നഷ്ടമുണ്ടായതായും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണു കാര്യമായ നാശനഷ്ടമുണ്ടായതെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനു കേന്ദ്രസര്‍ക്കാര്‍ നിര്‍ലോഭമായ സഹകരണം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭ്യര്‍ഥിച്ചു. ഓഖി ദുരന്തത്തില്‍ നിന്ന് കരകയറാത്ത ജനതയെ പ്രളയം കൂടുതല്‍ ദുരന്തത്തിലാക്കും. ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കാന്‍ അടിയന്തര ധനസഹായം നല്‍കണമെന്നും രാഹുല്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഈ വിഷയം രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് അദ്ദേഹം ട്വീറ്റില്‍ ആഹ്വാനം ചെയ്തിരുന്നു.