ജലനിരപ്പ് 2401.1 അടിയായി: ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു; കനത്ത ജാഗ്രത

single-img
10 August 2018

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ (125 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്.

കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു.

അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ചെറുതോണി പട്ടണത്തില്‍ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു. ജില്ലാ കളക്ടര്‍ ചെറുതോണിയിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

ഡാം തുറന്നതിനെ തുടര്‍ന്ന് ചെറുതോണി ടൗണ്‍ വഴി വെള്ളം കുത്തിയൊലിച്ചു പെരിയാറിലേക്ക് പോകുകയാണ്. ജനങ്ങളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. ചെറുതോണി വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഏതാണ്ട് 8000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഡാം തുറന്നതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ സര്‍ക്കാര്‍ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. ആലുവ മേഖലയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് സൂചന.

നീരൊഴുക്ക് ശക്തമായതോടെ ഇടമലയാര്‍ ഡാമിലേക്ക് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഷട്ടര്‍ അടയ്‌ക്കേണ്ട എന്ന തീരുമാനത്തിലാണ് കെ.എസ്.ഇ.ബി. അധികൃതര്‍. ഇന്നലെ നാല് മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ വെള്ളത്തിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ഇന്ന് രാവിലെ ഏഴ് മണിവരെ ഷട്ടര്‍ തുറന്നിടുകയായിരുന്നു.

1992 ലാണ് ഇതിനുമുമ്പ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നത്. അതിനുമുമ്പ് 1981ലും. അന്ന് 15 ദിവസമാണ് ഷട്ടര്‍ ഉയര്‍ത്തിയത്. 1992 ല്‍ അഞ്ച് ദിവസവും. 2007ലും 2013ലും ഡാം പൂര്‍ണതോതില്‍ നിറഞ്ഞെങ്കിലും ഇത്രയധികം ഭീതിയുണ്ടാകാത്തതിനാല്‍ ഷട്ടര്‍ ഉയര്‍ത്തിയില്ല.

ഏഷ്യയിലെ ഉയരംകൂടിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. കുറവന്‍കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇടുക്കി ഡാമിന്റെ സംഭരണികള്‍ ചെറുതോണിയും 30 കി.മീറ്റര്‍ അകലെയുള്ള കുളമാവ് ഡാമുമാണ്. 1969 ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് ശിലയിട്ട ഡാം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1976ല്‍ കമ്മിഷന്‍ ചെയ്തു.