നിങ്ങള്‍ ഈ കാണിക്കുന്നത് ഹീറോയിസമല്ല….

single-img
10 August 2018

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 29 ആയി. പലയിടങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടില്ല. മലയോര മേഖലയിലാണ് കൂടുതല്‍ മഴ. ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സൈന്യവും ഫയര്‍ഫോഴ്‌സും രംഗത്തുണ്ട്.

ഇതിനിടെ രോഗബാധിതനായ കുട്ടിയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മറുതീരത്തെത്തിച്ച ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ കയ്യടി നേടി. ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നതിന് പിന്നാലെ നദിയില്‍ കൂടി ക്രമാതീതമായി വെള്ളം ഒഴുകാന്‍ തുടങ്ങിയിരുന്നു.

ഇത് ചെറുതോണി പാലത്തിന് മുകളില്‍ കൂടി ഒഴുകിത്തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയുമായി സേനാംഗങ്ങള്‍ മറുതീരത്തേക്ക് ഓടി മാറിയത്. തൊട്ടുപിന്നാലെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ഈ കുട്ടിയുടെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ കടപുഴകിയ മരങ്ങള്‍ ചെറുതോണി പാലത്തില്‍ തടഞ്ഞ് നില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ അവ വെട്ടിമാറ്റുന്നതും കാണാമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ ഉദ്യോഗസ്ഥരുടെ അസാമാന്യ ധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റുകളിട്ടത്.

എന്നാല്‍ കുത്തിയൊലിക്കുന്ന മഴയെ തെല്ലും വകവെയ്ക്കാതെ മഴവെള്ളത്തില്‍ ഹീറോയിസം കാണിക്കാനുള്ള യുവാക്കളുടെ ശ്രമത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. നിലമ്പൂരില്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് മുന്നോട്ടു നീങ്ങാനാകാതെ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനു മുകളില്‍ കയറിനിന്ന് താഴേക്കു ചാടിയാണ് സമീപവാസികളായ യുവാക്കളുടെ അഭ്യാസപ്രകടനം.

മഴവെള്ളത്തില്‍ ഇവര്‍ നീന്തിക്കുളിക്കുന്നുമുണ്ട്. ഒരു വിഭാഗം ആളുകള്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴാണ് ഇവരുടെ ഈ മരണക്കളി. ഇതോടൊപ്പം ‘ ട്രാജഡി ടൂറിസ്റ്റുകളും’ രക്ഷാപ്രവര്‍ത്തകര്‍ക്ക് ശാപമാകുന്നുണ്ട്. ഡാമുകളുടെയും വെള്ളക്കെട്ടുകളുടെയും അടുത്തെത്തി സെല്‍ഫി എടുത്ത് രസിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. പരിസരബോധം മറന്ന് ഇവര്‍ ചെയ്യുന്ന കോപ്രായത്തരങ്ങള്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്.