ഇടുക്കിയിലെയും എറണാകുളത്തെയും ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടന്‍ പൂട്ടിയേക്കും

single-img
10 August 2018

ചെറുതോണി ഡാമിന്റെ അഞ്ചാം ഷട്ടറും തുറന്നതോടെ ഇടുക്കിയിലെയും എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങളില്‍ ഗ്രൗണ്ട് ഫ്‌ലോറുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകളും എടിഎമ്മുകളും ഉടന്‍ പൂട്ടിയേക്കും. ഇതു സംബന്ധിച്ച് ചില ബാങ്കുകള്‍ ശാഖകള്‍ക്ക് സര്‍ക്കുലര്‍ നല്‍കികഴിഞ്ഞു.

ലോഡ് ചെയ്തിരിക്കുന്ന പണം മുഴുവന്‍ സമീപത്തെ കറന്‍സി ചെസ്റ്റുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഏത് അടിയന്തരഘട്ടത്തിലും പണം മാറ്റാന്‍ ശാഖകള്‍ തയ്യാറായിരിക്കണം. ചെസ്റ്റുകളിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ തുകകള്‍ സേഫുകളിലെ ഏറ്റവും ഉയര്‍ന്ന റാക്കുകളിലേക്കു മാറ്റണം.

എടിഎം കൗണ്ടറിലെ പവര്‍ സപ്ലൈ പൂര്‍ണമായും ഓഫ് ചെയ്ത ശേഷം ഷട്ടറുകള്‍ അടയ്ക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചേക്കും. ബാങ്കിലെ സ്വര്‍ണം ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലേക്ക് മാറ്റണം. ബാങ്കുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാണ് നിര്‍ദേശം. സമീപത്തുള്ള എടിഎമ്മുകളില്‍ വലിയ തുക ലോഡ് ചെയ്യേണ്ടതില്ലെന്നും ചില ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.