Breaking News

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ മാറ്റി: കേരളം മഴയില്‍ മുങ്ങി; 22 മരണം; മഴ ഇത്ര ശക്തം അഞ്ചു വര്‍ഷത്തിനു ശേഷം

പാലക്കാട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

എം.ജി യൂണിവേഴ്‌സിറ്റി വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കനത്തമഴയെ തുടര്‍ന്ന് ആരോഗ്യസര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ബി എസ് എം എസ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല.

ഇടുക്കി ഡാമിന്റെ ഭാഗമായുള്ള ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും നാളെ രാവിലെ ആറിന് തുറക്കുന്നതിനാല്‍ കോതമംഗലം, കുന്നത്തുനാട്, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗനവാടികള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.

അതേസമയം കാലവർഷം വീണ്ടും ശക്തിയായതോടെ സംസ്ഥാനത്തുടനീളം വൻ നാശനഷ്‌ടമാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കനത്ത മഴയിൽ ഇന്ന് മാത്രം 22 പേർ മരിച്ചു. ഇടുക്കി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 11 മരണം റിപ്പോർട്ട് ചെയ്‌തു. മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു.

വയനാട്ടിലും മൂന്നു മരണം റിപ്പോർട്ട് ചെയ്‌തു. മൂവാറ്റുപുഴയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു. കീഴില്ലം സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലൻ തോമസ്, ഗോപി കൃഷ്‌ണൻ എന്നിവരാണ് മരിച്ചത്. കോഴിക്കോടും ഒരു മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

മഴ ഏറ്റവും കൂടുതൽ ദുരിതം വിതച്ച വയനാട്ടിൽ ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്ക് നാവികസേനയുടെ മൂന്ന് സംഘവും ഹെലിക്കോപ്‌റ്ററും രംഗത്തുണ്ട്. താമരശ്ശേരി, പാൽച്ചുരം, കുറ്റ്യാടി ചുരങ്ങളിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടതോടെ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്.

മലമ്പുഴ ഡാം തുറന്നതോടെ പാലക്കാട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഡാം തുറന്നതോടെ കൽപ്പാത്തി പുഴ നിറഞ്ഞ് കവിഞ്ഞതോടെ ശേഖരിപുരത്തെ കോളനികളിലെ മിക്ക വീടുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ആളുകളെ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി 10 ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

ഒഡീഷ തീരത്ത് മൂന്നു ദിവസം മുന്‍പ് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ മഴ ശക്തമായതിന്റെ പ്രധാന കാരണം. ന്യൂനമര്‍ദം ശക്തമായി, കരയിലേക്ക് കടന്നതിന്റെ ഫലമായാണ് കേരളത്തിലും ലക്ഷദ്വീപിലും മഴ കനത്തത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും തൃശൂരും കാസർകോടും വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കും. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴ ലഭിക്കും.

മണ്‍സൂണ്‍ കാലത്ത് കേരളത്തിന് ലഭിച്ചത് 15% അധിക മഴയാണ്. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 2013 നു ശേഷം ലഭിക്കുന്ന മികച്ച മഴയാണിതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. മണ്‍സൂണ്‍ ശക്തമാകുന്നതിന്റെ പ്രധാനഘടകം കാറ്റാണ്. കാറ്റ് ശക്തമാകുമ്പോള്‍ മഴയും ശക്തമാകും. കാറ്റ് ദുര്‍ബലമാകുമ്പോള്‍ മഴ കുറയും. ഇപ്പോള്‍ കാറ്റ് ശക്തമായതിനാലാണ് മലയോര മേഖലകളിലടക്കം ശക്തമായ മഴ ലഭിക്കുന്നത്.