നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം

single-img
9 August 2018

കൊച്ചി: ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒന്നു മുതലാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പോകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ തുടരുകയാണെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 2013ല്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ഇടമലയാര്‍ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങല്‍ കനാല്‍ നിറഞ്ഞുകവിഞ്ഞതോടെയാണ് വിമാനത്താവളം അന്ന് അടച്ചുപൂട്ടിയത്.

ചെങ്ങല്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ സ്ഥാപിച്ചും വിമാനത്താവളത്തെ വെള്ളപ്പൊക്കഭീഷണിയില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുത്തിരുന്നു. എന്നാലും ഇടമലയാര്‍ ഡാമിന്റെ നാല് ഷട്ടറുകളും ഇടുക്കി ഡാമിന്റെ ഒരു ഷട്ടറും തുറന്നതിനാല്‍ ഭീഷണി തള്ളിക്കളയാനാകില്ലെന്നാണ് സിയാല്‍ അധികൃതര്‍ പറയുന്നത്.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്ന് മാത്രം 17 പേരാണ് മരിച്ചത്. ഇതില്‍ 10 മരണവും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിയിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു.

മലപ്പുറം ചെട്ടിയംപറമ്പിലും ഉരുള്‍പൊട്ടലില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാതായി. മലപ്പുറത്ത് അഞ്ചിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി.

അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ അടക്കം അഞ്ചുപേര്‍ മരിച്ചത്. ഹസന്‍കുട്ടി പരുക്കുകളോടെ രക്ഷപെട്ടു. പെരിയാര്‍വാലി കീരിത്തോടുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു.

മലപ്പുറത്ത് ചെട്ടിയംപറമ്പ് പറമ്പാടന്‍ സുബ്രഹ്മണ്യന്‍, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ് മരിച്ചത്.

കോഴിക്കോട് മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ ഒരാളെ കാണാതായി. പാലക്കാട്, വയനാട്,ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ വ്യാപകമായി ദുരന്തം വിതച്ചത്. കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റ സേവനം തേടി. ദേശീയദുരന്തനിവാരണസേന ഉടന്‍ കോഴിക്കോട്ടെത്തും. റവന്യുമന്ത്രി ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചു. എല്ലാ റവന്യു ഓഫിസുകളിലും ജീവനക്കാരോട് ഉടനെത്താന്‍ നിര്‍ദേശം നല്‍കി.