‘റാഫേല്‍ കരാറില്‍’ മോദിയെ പ്രതിക്കൂട്ടിലാക്കി മുന്‍ ബിജെപി മന്ത്രിമാര്‍

single-img
9 August 2018

റാഫേല്‍ വിമാനക്കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ബിജെപി മന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും രംഗത്ത്. മോദി കരാറിലൊപ്പിട്ടത് ക്രമവിരുദ്ധമായാണെന്നു ഇരുവരും ആരോപിച്ചു. സിഎജി അന്വേഷണത്തെ നേരിട്ട് സത്യസന്ധത തെളിയിക്കാന്‍ സര്‍ക്കാരിനെ ഇവര്‍ വെല്ലുവിളിക്കുകയും ചെയ്തു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു ഇരുനേതാക്കളും. യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പുതുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെങ്കില്‍ ഇതിനോടകം സര്‍വ്വസജ്ജമായ 18 യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് സ്വന്തമായേനെ.

ശേഷിക്കുന്ന 108 വിമാനങ്ങളുടെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിക്കുകയും ചെയ്‌തേനെ. പക്ഷേ, സംഭവിച്ചത് അങ്ങനെയല്ല. 36 യുദ്ധവിമാനങ്ങള്‍ക്കായുള്ള പുതിയ കരാറില്‍ ക്രമവിരുദ്ധമായി പ്പുവയ്ക്കുകയാണ് ചെയ്തതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. യുപിഎ കാലത്ത് കരാര്‍ ഉറപ്പിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്ന കാബിനെറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി (സിസിഎസ്) മോദിയുടെ കാലമായപ്പോഴേക്കും ചിത്രത്തില്‍ പോലുമില്ലാതെ വന്നത് എന്തുകൊണ്ടാണെന്ന് യശ്വന്ത് സിന്‍ഹ ചോദിച്ചു.

പുതിയ ടെന്‍ഡര്‍ വിളിക്കാതെ രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ലഭിക്കുമെന്ന് ജനങ്ങളെ കബളിപ്പിച്ച് കരാര്‍ ഉറപ്പിക്കുകയാണ് മോദി ചെയ്തതെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. 2022 ആകുമ്പോള്‍ മാത്രമേ വിമാനങ്ങള്‍ ലഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.