ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ട്രയല്‍ റണ്‍ അല്‍പസമയത്തിനകം

single-img
9 August 2018

കനത്ത മഴയും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആകും തുറക്കുക.

12 മണിക്ക് ഷട്ടര്‍ തുറക്കാനാണ് തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം തുറന്നിടും. സ്ഥിഗതികള്‍ പരിശോധിക്കാന്‍ വൈദ്യുതി മന്ത്രി ഇടുക്കി ഡാം സൈറ്റിലേക്ക് തിരിച്ചിട്ടുണ്ട്.

 

#Pls_Shareഇടുക്കി ഡാം ജലനിരപ്പ് 2399 അടിയോട് അടുത്ത സ്ഥിതിക്ക് നമ്മൾ മുൻപ് തീരുമാനിച്ച ട്രയൽ റൺ ഒരു മണിക്കൂറിനു ശേഷം…

Posted by MM Mani on Wednesday, August 8, 2018

 

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്‍കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഇന്നുച്ചക്ക് 12 മണിക്ക് ചെറുതോണി ഡാം ന്റെ 1 ഷട്ടർ 4 മണിക്കൂർ നേരത്തേക്ക് തുറക്കുന്നതായിരിക്കും . ചെറുതോണി ഡാം ന്റെ…

Posted by Kerala State Disaster Management Authority – KSDMA on Wednesday, August 8, 2018

 

ഷട്ടറുകള്‍ 11 മണിക്ക് തുറക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇന്ന് രാവിലെ ഇടമലയാര്‍ ഡാം കൂടി തുറന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് 12 വരെ നീട്ടിവച്ചത്. ഇടമലയാര്‍ ഡാമിനൊപ്പം ഇടുക്കി ഡാമും കൂടി തുറന്നാല്‍ ആലുവയിലും എറണാകുളം ജില്ലയിലും വെള്ളപ്പൊക്കമുണ്ടായേക്കാം എന്ന ആശങ്കയെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ച ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവും നടത്തിയിരുന്നു. ഇപ്രകാരം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചെറുതോണിഡാമില്‍ നിന്നും ചെറുതോണിയാറിലേക്കുള്ള കനാലുകളുടെ ആഴം ഇതിനോടകം കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുന്നൂറോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് നിന്നും മാറ്റും. ദുരന്തനിവാരണസേന നേരത്തെ തന്നെ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഇപ്പോള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തരസാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനായി ഇടുക്കി ജില്ലയിലെ 12 സ്‌കൂളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ അഞ്ച് മണിക്കാണ് ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം ആലുവയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പലയിടത്തും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. മുകളിലെ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ അണക്കെട്ടില്‍ 15 ഷട്ടറുകളും ഇതിനോടകം തുറന്നിട്ടുണ്ട്.