അത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് രചന നാരായണന്‍കുട്ടിയും ഹണിറോസും

single-img
8 August 2018

നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ കക്ഷിചേര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരായണ്‍ കുട്ടിയും ഹണിറോസും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിയുമായി ചര്‍ച്ച ചെയ്തില്ലായെന്നതാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെന്ന് നടിമാര്‍ പറഞ്ഞു.

ഹര്‍ജിയിലെ വീഴ്ച തിരുത്തുമെന്നും എ.എം.എം.എയുടെ യോഗശേഷം ഇവര്‍ പറഞ്ഞു. ഹര്‍ജിയില്‍ സുഹൃത്തിന് എതിരായിവന്ന ഭാഗം നീക്കംചെയ്യും. എന്നാല്‍, ഹര്‍ജി പിന്‍വലിക്കില്ല. 32 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള അഭിഭാഷകനാണ് നടിക്കുവേണ്ടി ഹാജരാകുന്നതെന്ന് അറിഞ്ഞിരുന്നില്ല അവര്‍ വ്യക്തമാക്കി.

നടി അക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ ഹര്‍ജി നല്‍കിയത് ‘അമ്മ’യുടെ തീരുമാനമല്ലെന്ന് ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. സംഘടന, രചനയോടും ഹണിയോടും ആക്രമിക്കപ്പെട്ട നടിക്ക് എന്തൊക്കെ സഹായങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ചര്‍ച്ച ചെയ്തിരുന്നുവെന്നതല്ലാതെ ഔദ്യോഗിക തീരുമാനമെടുത്തിരുന്നില്ല.

അവര്‍ സ്വയം എടുത്ത തീരുമാനപ്രകാരമാണ് ഹര്‍ജി നല്‍കിയത്. അതില്‍ പിഴവുകള്‍ വന്നത് ഏതുരീതിയില്‍ തിരുത്തണമെന്ന് തീരുമാനിക്കും. അമ്മ നേരിട്ട് ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. ആക്രമിക്കപ്പെട്ട നടിയോട് കക്ഷിചേരുന്നതിനെപ്പറ്റി ആലോചിച്ചിരുന്നില്ല. എന്നാല്‍, രചനയും അവരും അടുത്ത സുഹൃത്തുക്കളാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.