‘കിനാവള്ളി’ കണ്ടവരെല്ലാം പറയുന്നു സൂപ്പര്‍; പക്ഷേ…

single-img
3 August 2018

ചിത്രം സൂപ്പര്‍, പ്രണയവും പ്രതികാരവും എല്ലാം കോര്‍ത്തിണക്കിയ മനോഹര ചിത്രം, ഗാനങ്ങളെല്ലാം അടിപൊളി…. ഹൊറര്‍ പശ്ചാത്തലത്തില്‍ സംവിധായകന്‍ സുഗീത് ഒരുക്കിയ ‘കിനാവള്ളി’ കണ്ടവരെല്ലാം പറയുന്നത് മികച്ച അഭിപ്രായം മാത്രം. മലയാളത്തില്‍ വീണ്ടും പുതുമുഖ തരംഗമൊരുക്കുമെന്ന പ്രതീക്ഷയിലെത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര തിയേറ്ററുകള്‍ മാത്രം കിട്ടിയില്ല.

സുഗീതും ഹരീഷ് കണാരനുമൊഴികെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഭൂരിഭാഗവും നവാഗതരാണ്. അതുകൊണ്ടുതന്നെ ചിത്രത്തെ പരാജയപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചു എന്ന ഗോസിപ്പുകളും ഇതിനോടകം ഉയര്‍ന്നുവന്നിട്ടുണ്ട്. വേണ്ടത്ര തിയേറ്ററുകള്‍ ലഭ്യമാക്കാതെ ഡിസ്ട്രിബ്യൂട്ടര്‍മാരും ചിത്രത്തിനെതിരായി പ്രവര്‍ത്തിച്ചു എന്ന സംശയം പ്രേക്ഷകർക്കുണ്ട്.

ചില ഷോപ്പിംഗ് മാളുകളിലെ തിയേറ്ററുകളില്‍ നിന്നാണ് മിക്ക പ്രേക്ഷകരും ചിത്രം കണ്ടിരിക്കുന്നത്. എന്നാല്‍ ഷോപ്പിംഗ് മാളുകളില്‍ പോലും തിരക്കില്ലാത്ത അപ്രധാനമായ സമയത്താണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പുതുമുഖ ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടാല്‍ താരരാജക്കന്മാര്‍ ഉള്‍പപ്പെടെയുള്ളവരുടെ മാര്‍ക്കറ്റ് ഇടിയുമെന്ന കണക്കു കൂട്ടലും ഇതിനു പിന്നിലുണ്ടെന്നാണ് സിനിമ മേഖലയിലുള്ളവർ പറയുന്നത്.

‘കിനാവള്ളി’യുടെ മാത്രം കാര്യമല്ല മറ്റ് പുതുമുഖ സംവിധായകരുടെയും പുതുമുഖ നായകന്‍മാരുടെയും ചിത്രങ്ങള്‍ക്കെതിരെ ഇതുപോലെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പകല്‍പോലെ സത്യമാണ്. പക്ഷേ ആരും ഇതിനെതിരെ പരസ്യമായി പ്രതികരിക്കുന്നില്ലെന്നു മാത്രം.

ഓര്‍ഡിനറിയിലൂടെ സംവിധായകനായി അരങ്ങേറി മധുരനാരങ്ങയിലൂടെ, ശിക്കാരി ശംഭുവിലൂടെ ഫാമിലി പ്രേക്ഷകരുടെ പ്രിയം നേടിയ സുഗീതിന്റെ ചിത്രം ‘കിനാവള്ളി’യെ പ്രണയവും സൗഹൃദവും ഭയവുമെല്ലാം ഇഴചേരുന്ന കള്ളക്കഥയെന്ന് ഒറ്റവാക്കില്‍ പറയാം.

പുതുമുഖ താരങ്ങളുടെ കയ്യടക്കമുള്ള അഭിനയം തന്നെയാണ് സുഗീതിന്റെ വിജയം. അജ്മല്‍, വിജയ് ജോണി, ക്രിഷ് മേനോന്‍, സുജിത്ത് രാജ്, സൗമ്യ മേനോന്‍ എന്നീ പുതുമുഖങ്ങളെയാണ് സുഗീത് ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ്, അകന്നുപോയ സൗഹൃദങ്ങളെ കൂട്ടിയിണക്കാന്‍ ശ്രമിക്കുന്നതോടെയാണ് ചിത്രത്തിന് വേഗം വന്നു തുടങ്ങുന്നത്.

പ്രേതക്കഥ മാത്രമാക്കി മാറ്റാതെ തമാശയും സൗഹൃദവുമെല്ലാം ചിത്രത്തില്‍ ഒരുക്കിയിരിക്കുന്നു. മനോഹരമായ ലൊക്കേഷനില്‍ ഒന്നാന്തരമൊരു ബംഗ്ലാവും പ്രേതവും വന്നതാണ് കിനാവള്ളി ഹരം കൊള്ളിച്ചത്. ഓരോ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്ത സ്വഭാവം ആയതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റങ്ങളും ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്.

എല്ലാവരെയും പരിചയപ്പെടുത്തിയ ശേഷം കഥയിലേക്ക് കടക്കുമ്പോള്‍ ഇനിയെന്ത് സംഭവിക്കും, ഇതൊക്കെ തോന്നലാണോ, പ്രേതം ഉണ്ടോ എന്നുള്ള ചിന്തകള്‍ക്കിടയില്‍ നമ്മള്‍ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു ഫ്രഷ് സിനിമാനുഭവം നല്‍കാന്‍ സുഗീതിന് സാധിക്കുന്നുണ്ട്.

കൃത്യമായി കാര്യങ്ങളെ അവതരിപ്പിക്കുന്ന തിരക്കഥയും എടുത്തു പറയേണ്ട ഒന്നാണ്. കുടുംബസമേതം ഒരു യാത്ര പോകുമ്പോള്‍ ഉണ്ടാകുന്ന രസങ്ങളെല്ലാം തിയേറ്റര്‍ കാഴ്ചയില്‍ ചിത്രം നല്‍കുന്നുണ്ട്. സുഗീത് അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം മികവുറ്റ പ്രകടനം നടത്തുമ്പോള്‍ വരുംകാല സിനിമയില്‍ അവര്‍ സ്ഥാനം ഉറപ്പിക്കും എന്നുതന്നെ പ്രതീക്ഷിക്കുന്നു.

മഞ്ഞുമൂടിയ കാഴ്ചകളെ കിനാവള്ളികള്‍ക്കായി പകര്‍ത്തിയത് ഛായാഗ്രാഹകന്‍ വിവേകാണ്. പ്രേക്ഷകരുടെ മനസിലും മഞ്ഞിന്റെ കുളിര്‍മ നിറയ്ക്കാന്‍ വിവേകിന് കഴിഞ്ഞിട്ടുണ്ട്. സംഗീതം ഇടമുറിയാതെ വന്ന് മഞ്ഞുനിറഞ്ഞ കാഴ്ചകള്‍ക്ക് സുഖം പകര്‍ന്നു. സ്‌ക്രീനില്‍ കുറച്ചു നേരം മാത്രം തെളിഞ്ഞ ഹരീഷ് കണാരന്‍ പ്രേക്ഷകരെ ചിരിയുടെ ലോകത്തെത്തിച്ച് സ്റ്റാറായി.