താമസിക്കാന്‍ വീടില്ല, ജോലിയില്ല; ബയോഡാറ്റ എഴുതിയ പ്ലക്കാര്‍ഡുമായി വഴിയരികില്‍ നിന്ന യുവാവിന് തൊഴില്‍ വാഗ്ദാനവുമായി നിരവധി കമ്പനികള്‍

single-img
31 July 2018

അമേരിക്കയിലാണ് കൗതുകകരമായ സംഭവം. വളരെ വൃത്തിയുള്ള പാന്റും ഫുള്‍ സ്ലീവ് ഷെര്‍ട്ടും ടൈയും കെട്ടി എക്‌സിക്യുട്ടീവ് വേഷത്തില്‍ നിന്ന് തന്റെ ദയനീയ അവസ്ഥ വിളിച്ചുപറയുന്ന യുവാവ് ആരെയും ഒരു നിമിഷം വേദനിപ്പിക്കും. കയ്യിലിരിക്കന്ന പ്ലക്കാര്‍ഡില്‍ അയാള്‍ തന്റെ ബയോഡാറ്റ എഴുതിയിട്ടുണ്ട്.

26കാരനായ കാസരസ് കഴിഞ്ഞ ഒരു വര്‍ഷമായി തന്റെ കാറിലാണ് താമസവും ഉറക്കവും എല്ലാം. കാലിഫോര്‍ണിയയിലെ മൗണ്ടെയ്ന്‍ വീവിന് സമീപത്തെ പാര്‍ക്കില്‍ കാര്‍ നിര്‍ത്തിയ ശേഷം റോഡിലിറങ്ങി പ്ലക്കാര്‍ഡുമായി എല്ലാ ദിവസവും നില്‍ക്കും. ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്റ് ബിരുദധാരിയാണ് കാസരസ്.

ഫ്രീന്‍ലാന്‍സായി വെബ് ഡിസൈനിംഗ്, ലോഗോ ഡിസൈനിംഗ് ജോലികള്‍ മുമ്പ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആപ്പിള്‍ കമ്പനിയില്‍ ഇന്റര്‍വ്യൂവിന് പോയി വിജയിച്ചെങ്കിലും പക്ഷേ ജോലി കിട്ടിയില്ല. ഒടുവില്‍ നിവൃത്തിയില്ലാതെയാണ് കാസരസ് ഇങ്ങനെയൊരു മാര്‍ഗ്ഗം സ്വീകരിച്ചത്.

സ്‌കോഫീല്‍ഡിലെ ഒരു ഡ്രൈവര്‍ ഇത് കണ്ട് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അതോടെ കഥമാറി. ബയോഡേറ്റയുമായി നില്‍ക്കുന്ന കാസരസ് വൈറലായി മാറി. തൊട്ടടുത്ത നിമിഷം മുതല്‍ നൂറ് കണക്കിന് പേര്‍ ജോലി വാഗ്ദാനവുമായി രംഗത്തെത്തി.

200ലേറെ കമ്പനികളാണ് ഇതുവരെ ജോലി ഉറപ്പുനല്‍കിയത്. ഗുഗിളിനും സോഷ്യല്‍ മീഡിയയ്ക്കും കാസരസ് നന്ദി പറഞ്ഞു. തന്റെ ജീവിതം മാറ്റിമറിച്ചത് സമൂഹമാധ്യമങ്ങളാണെന്നും കാസരസ് പറഞ്ഞു.