ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചടി; ഇ കൊമേഴ്‌സ് കമ്പനികളില്‍ നിന്നും ഇനി വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കില്ല

single-img
31 July 2018

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഒരു ദു:ഖ വാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ നല്‍കുന്ന വന്‍ വിലക്കിഴിവിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. സോഫ്റ്റ്ബാങ്ക്, ആലിബാബ, വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ ആഗോള ഭീമന്മാര്‍ രാജ്യത്തെ ഇകൊമേഴ്‌സ് മേഖലയെ ലക്ഷ്യമിട്ടതോടെയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

ഇകൊമേഴ്‌സ് മേഖലയ്ക്കാകെ പുതിയ നിയമമാണ് തയ്യാറാകുന്നത്. 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാമെന്നും അതേസമയം, ഇത്തരം സൈറ്റുകള്‍ വഴി വില്‍ക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ചവയാകണമെന്നും കരട് നയം മുന്നോട്ടുവെയ്ക്കുന്നു. ഇതുസംബന്ധിച്ച കരട് പോളിസി, വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ വിതരണം ചെയ്തുകഴിഞ്ഞു. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനും ഇതിലൂടെ അവസരമുണ്ടാകും.

നേരത്തെ, ഉത്പന്നം കൈമാറി പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് കാഷ് ഓണ്‍ ഡെലിവറി സംവിധാനം അനധികൃതമാണെന്ന് ആര്‍ബിഐ മറുപടി നല്‍കിയത്.

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ മുന്‍നിര ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെല്ലാം കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇത് അനധികൃത കച്ചവടമാണെന്നാണ് ആര്‍ബിഐയുടെ വിശദീകരണം.

പെയ്‌മെന്റ്‌സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 പ്രകാരം ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.