പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം ഓര്‍മയായി

single-img
30 July 2018

ആദ്യസിനിമയ്ക്കു തന്നെ ദേശീയ ബഹുമതി നേടിയ പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടന്നായിരുന്നു അന്ത്യം. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അദ്ദേഹം രണ്ടുതവണ ദേശീയ ചലച്ചിത്രപുരസ്‌കാരവും നാലുതവണ സംസ്ഥാന പുരസ്‌കാരവും നേടിയിട്ടുണ്ട്.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്തൊന്‍പതാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി. പിന്നീട് ഈ ജോലി രാജിവച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി.

പഠനകാലത്ത് തന്നെ നാടകരചനയില്‍ സജീവമായിരുന്നു. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേയ്ക്കുവന്നത്. ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്. പ്രേംനസീര്‍ നായകനായ അവള്‍ അല്‍പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും പ്രധാന വേഷങ്ങള്‍ ചെയ്ത ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ സമാന്തരം, ശ്രീനിവാസന്‍ നായകനായ സാരാംശം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ജന്മഭൂമിക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.