കെ.എസ്.ആര്‍.ടി.സിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍

single-img
30 July 2018

കെ.എസ്.ആര്‍.ടി.സിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേഖലയായി തരംതിരിച്ചതു വഴി കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.

മേഖലകളായി തിരിക്കുന്നതിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണ്. അവരുടെ ദുര്‍വ്യാഖ്യാനം ജനങ്ങള്‍ തിരിച്ചറിയും. മേഖലാ വിഭജനം നടപ്പാക്കിയത് സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശ പ്രകാരമാണ്. മേഖലാ അധികാരികള്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും.

പുതിയ സംവിധാനം പ്രകാരം ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ കുറിച്ച് മേഖലാ ഓഫിസര്‍ നിര്‍ദേശം നല്‍കും. സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങള്‍ മേഖലയുടെ കീഴില്‍ വരും.

കോഴിക്കോട് മേഖലാ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സിന്റെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. മൂന്നു മേഖലകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകള്‍ ഉള്ളത് വടക്കന്‍ മേഖലക്ക് കീഴിലാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ചില്‍ സര്‍വീസ് ലാഭകരമാണ്. അതിനാല്‍ സമാന മാതൃകയില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങും.

കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-കോയമ്പത്തൂര്‍ റൂട്ടിലും ചില്‍ സര്‍വീസ് ആരംഭിക്കും. ഓണക്കാലത്തെ അന്യ സംസ്ഥാന, സ്വകാര്യ ബസുകളുടെ ചൂഷണം തടയാന്‍ ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. താല്‍കാലിക പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. സര്‍വീസിന് 25 ബസുകള്‍ സജ്ജമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.