ബോക്‌സ് ഓഫീസ് കളക്ഷനില്‍ പുലിമുരുകന്‍ കഴിഞ്ഞാല്‍ അബ്രഹാമിന്റെ സന്തതികളെന്ന് നിര്‍മ്മാതാവിന്റെ അവകാശവാദം

single-img
30 July 2018

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ആഗോള കലക്ഷനില്‍ മോഹന്‍ലാലിന്റെ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണെന്ന് സിനിമയുടെ നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സുകള്‍ തമ്മില്‍ തമ്മിലടി ഉണ്ടാകാതിരിക്കാന്‍ ഔദ്യോഗിക ബോക്‌സ്ഓഫീസ് കലക്ഷന്‍ പുറത്തുവിടുന്നില്ലെന്ന് ഇവര്‍ പറയുന്നു.

അത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാന പ്രകാരമാണെന്നും പോസ്റ്റിലുണ്ട്. എന്നാല്‍ പുലിമുരുകന് ശേഷം ഏറ്റവും കൂടുതല്‍ ബോക്‌സ്ഓഫീസ് കലക്ഷന്‍ സ്വന്തമാക്കാന്‍ സഹായിച്ചതിന് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ കുറിപ്പ് അവസാനിക്കുന്നത്.

നേരത്തെ പുലിമുരുകന്റെയും ഗ്രേറ്റ് ഫാദറിന്റെയും ഫസ്റ്റ് ഡേ കലക്ഷനുമായി ബന്ധപ്പെട്ട് ആരാധകര്‍ തമ്മിലടിച്ചിരുന്നു. പല കണക്കുകളും വ്യാജമാണെന്നായിരുന്നു അവകാശവാദം. അതിന് ശേഷം ഇപ്പോള്‍ സിനിമകളുടെ ഫസ്റ്റ് ഡേ കലക്ഷനോ ഔദ്യോഗിക കണക്കുകളോ നിര്‍മാതാക്കള്‍ പുറത്തുവിടാറില്ല.

പൊലീസ് വേഷത്തില്‍ മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പുതിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. നവാഗതനായ ഷാജി പാടൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയായിരുന്നു തിരക്കഥ. ചിത്രം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനുണ്ട്.