ഇടതുപക്ഷം ഭരിച്ചിരുന്ന 25 വര്‍ഷക്കാലം ത്രിപുരയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിട്ടില്ല; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി മണിക് സര്‍ക്കാര്‍

single-img
29 July 2018

25 വര്‍ഷക്കാലം ഇടതുപക്ഷം ഭരിച്ചിരുന്ന സമയങ്ങളില്‍ ത്രിപുരയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെയാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആരംഭിച്ചത്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ നടക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് ആള്‍ക്കൂട്ട കൊലപാതങ്ങളിലുള്ള തന്റെ പ്രതിഷേധം മണിക് സര്‍ക്കാന്‍ രേഖപ്പെടുത്തിയത്.

വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാല്‍ അതിനെ ചോദ്യം ചെയ്യുന്നത് തടയാനാണ് ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പശുവിന്റെ പേരിലുള്ള അക്രമം എന്നിവയെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബിജെപി ഉണ്ടാക്കിയ കപട തന്ത്രങ്ങളാണ്.

ബിജെപിക്കതെിരെ ശബ്ദമുയത്തുന്നവരുടെ വാമൂടിക്കെട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനെ പോലെ തന്നെ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിപ്ലബ് ദേബ് സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും മണിക് സര്‍ക്കാര്‍ കുറ്റപ്പെടുത്തി.