ചരിത്രത്തില്‍ ഇടംനേടി മഹേഷ് കുമാര്‍ മലാനി; പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യ ഹിന്ദു സ്ഥാനാര്‍ത്ഥി

single-img
29 July 2018

മഹേഷ് കുമാര്‍ മലാനി ചരിത്രത്തില്‍ ഇടംനേടി. പാകിസ്ഥാനില്‍ ദേശീയ അസംബ്ലിയില്‍ വിജയിച്ച ആദ്യ ഹിന്ദുമതസ്ഥന്‍ എന്ന് ഇനി അറിയപ്പെടും. സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ മണ്ഡലത്തിലാണ് മറ്റ് 14 സ്ഥാനാര്‍ത്ഥികളെ പിന്തള്ളി മഹേഷ് കുമാര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മത്സരിക്കാനും ഇതര മുസ്ലീം മതസ്ഥര്‍ക്ക് അനുമതി ലഭിച്ചത് 16വര്‍ഷത്തിന് മുമ്പാണ്. 2003 മുതല്‍ 2008 വരെ പാകിസ്ഥാനിലെ നോമിനേറ്റഡ് എംപിയായിരുന്നു മഹേഷ് കുമാര്‍. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തിരുന്നത്.

2013ല്‍ നടന്ന പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പില്‍ താര്‍പാര്‍ക്കര്‍ മണ്ഡലത്തില്‍ മഹേഷ് വിജയിച്ചിരുന്നു. അന്ന് പ്രവിശ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യത്തെ ഇതര മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള അംഗം എന്ന റെക്കോര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. സിന്ധ് അസംബ്ലി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

2002ല്‍ പര്‍വേസ് മുഷാറഫ് ആണ് പാകിസ്ഥാനില്‍ ഇതര മുസ്ലീംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനും മത്സരിക്കാനുമായി ഭരണഘടന ഭേദഗതി ചെയ്തത്. ദേശീയ അസംബ്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്കായി 10 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. സെനറ്റിലും പ്രവിശ്യ അസംബ്‌ളിയിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.