മോദിയെ ഇനിയും പ്രധാനമന്ത്രിയാക്കണമെന്ന് നടി കങ്കണ റണാവത്ത്

single-img
29 July 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി തന്നെയാണെന്ന് ബോളിവുഡ് സൂപ്പര്‍ താരം കങ്കണ റണാവത്ത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അര്‍ഹതപ്പെട്ട പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോദിയാണെന്നും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും കങ്കണ പറഞ്ഞു.

മോദിയുടെ ആദ്യകാല ജീവിതത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മിച്ച ‘ചലോ ജീത്തേ ഹേം’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കങ്കണ. രാഷ്ട്രീയത്തില്‍ ഇറങ്ങുമോയെന്ന ചോദ്യത്തിന് ‘രാജ്യത്തിന് ആവശ്യം വന്നാല്‍’ എന്നായിരുന്നു രണ്ടു തവണ ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രിയുടെ മറുപടി.

ശരിയായ ഭരണം കാഴ്ച്ചവെക്കാന്‍ അഞ്ച് വര്‍ഷം അപര്യാപ്തമാണ്. 2019 തിരഞ്ഞെടുപ്പിലും മോദി തിരിച്ചുവരും. കങ്കണ പറഞ്ഞു. മാതാപിതാക്കള്‍ കാരണമല്ല മോദി പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. അദ്ദേഹം അതിനായി കഠിനാധ്വാനം ചെയ്‌തെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ബി.ജെപി പ്രിയം കങ്കണ വെളിപ്പെടുത്തിയിരുന്നു. കടുത്ത ദേശീയവാദിയാണ് താനെന്നും രാജ്യസ്‌നേഹം ഇല്ലെന്ന് തെളിഞ്ഞാല്‍ തന്റെ കാമുകനെ വരെ ഉപേക്ഷിക്കുമെന്നുമായിരുന്നു കങ്കണ അന്ന് പറഞ്ഞത്. പുതിയ പ്രസ്താവനയോടെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ സജീവമാക്കിയിരിക്കയാണ് കങ്കണ.