ആശങ്ക നിറച്ച് മുല്ലപ്പെരിയാറും ഇടുക്കിയും:ഇടുക്കി ഡാം തുറക്കേണ്ടി വരും

single-img
28 July 2018

തിരുവനന്തപുരം: മഴക്കെടുതികളിൽ കനത്ത നാശനഷ്ടം നേരിടുന്ന മധ്യകേരളത്തിൽ ആശങ്കവിതച്ച് മുല്ലപ്പെരിയാറും ഇടുക്കി സംഭരണിയും പരമാവധി ശേഷിയിലേക്ക്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136.3 അടിയിലെത്തി. ഇടുക്കിയിൽ 2392 അടിയിലും. സുപ്രീംകോടതി നിർദേശപ്രകാരം 142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി ശേഷി. ഇടുക്കിയിൽ 2403 അടിയും.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തും. ചെറുതോണി അണക്കെട്ട് തുറന്നാല്‍ വലിയ നാശനഷ്ടങ്ങളുണ്ടായേക്കുമെന്നാണ് സൂചന. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളം കടന്നുപോകേണ്ട പെരിയാറിന്റെ ഇരുകരകളിലും വ്യാപക കൃഷിനാശമുണ്ടാകും. പെരിയാര്‍ കയ്യേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃഷിയും പുഴയുടെ വിസ്തൃതി പലയിടത്തും നാലിലൊന്നാക്കി ചുരുക്കിയതാണ് ഇതിന് കാരണം. 1992ലാണ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നുവിട്ടത്. പക്ഷെ അന്ന് വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇന്ന് കലക്‌ട്രേറ്റില്‍ അടിയന്തര യോഗം നടക്കും.

റവന്യൂ, കെഎസ്‌ഇബി, ജലസേചനം എന്നീ വകുപ്പുകളുടെ യോഗങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗവും ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഇതിനുമുന്‍പ് 1981ലും, 1992ലുമാണ് ഇടുക്കി ഡാം തുറന്നത്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പൂര്‍ണ ജലസംഭരണി. മൂലമറ്റം പവര്‍ ഹൌസിലെ വൈദ്യുതി ഉല്‍പാദനം ഇരട്ടിയായി വര്‍ധിപ്പിച്ചെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവ് കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തുടരുകയാണ്.