ഹനാനെതിരായ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍; പിടിയിലായത് നൂറുദ്ദീന്‍ ഷെയ്ഖ്

single-img
28 July 2018

കൊച്ചി: തൊടുപുഴ അല്‍ അസ്ഹര്‍ കോളെജ് വിദ്യാര്‍ഥിനി ഹനാനെതിരെ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപത്തിന് തുടക്കമിട്ടയാള്‍ അറസ്റ്റില്‍ . വയനാട്ടുകാരന്‍ നൂറുദ്ദീന്‍ ഷെയ്ഖാണ് പിടിയിലായത്. യൂണിഫോമില്‍ മീന്‍ വിറ്റതിനെതിരെയായിരുന്നു നൂറുദ്ദീന്റെ അധിക്ഷേപം. കൊച്ചിയില്‍ നിന്ന് പിടികൂടിയ നൂറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹനാനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കൂടുതല്‍ പേരെ പൊലീസ് കണ്ടെത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു.

ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍), ഐ.പി.സി. 509
(സ്ത്രീത്വത്തെ അപമാനിക്കല്‍), 34 (പൊതു ഉദ്ദേശ്യം), കേരള പോലീസ് ആക്ട് 120 (ഒ) വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നൂറുദ്ദീനെതിരെ കേസെടുത്തിരിക്കുന്നത്.

തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം പെരുകിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം പൊലീസ് ഹനാന്റെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.